2023 ജൂലൈ 16

ആത്മതീർത്ഥം


credits: www.sriramanamaharshi.org

 ചിദാനന്ദരൂപം സദാ നിൻ സ്വരൂപം - 

സദാനന്ദമേവം അഹംബുദ്ധിനാശം;

നിരാകാര നിർഗുണ പരബ്രഹ്മബോധം -

ഏകാശ്രയമന്ത്രം, ഏകനിർവാണതീർത്ഥം!

2023 ജനു 18

ഒരനർഘസ്വപ്നം















എൻ മനമതിലോലമായ്, 
ഹൃദയം തരളമാം രാഗമായ് ;

നിൻ കനവുകൾ താളമായ്, 
അലിയും നിനവുകൾ സാന്ദ്രമായ് ;

നിറനിലാവിലിന്നിതാ ഏകയായി, 
സ്മരണകൾ ചേർന്നലിഞ്ഞിതാ മൂകമായി;

അനർഘം ഈ സ്പന്ദനങ്ങൾ 
സ്വച്ഛമായ്, സ്വൈര്യമായ്, ശാന്തമായ് -

തുടരട്ടെ; നിലയ്ക്കുവോളം ... 

2022 ഓഗ 2

ആനന്ദം!

 


എത്ര വിദൂരതയിൽ നിന്നാണ് അങ്ങ് എപ്പോഴും എൻ്റെ സമീപത്തേക്ക് എത്തുന്നത്? എനിക്കറിയില്ല!


പ്രഭാത സൂര്യനും രാത്രി താരകങ്ങൾക്കും അവിടുത്തെ എന്നിൽ നിന്ന് ഒളിപ്പിച്ചു നിർത്താനാവില്ല!


എത്രയോ രാപകലുകൾ ഞാൻ അവിടുത്തെ പദസ്വനം കേട്ടിരിക്കുന്നു; അവിടുത്തെ പ്രവാചകന്മാർ എൻ്റെ ഹൃദയത്തിനുള്ളിൽ കടന്ന് എന്നെ രഹസ്യമായി വിളിച്ചിരിക്കുന്നു!


ഇന്നെന്തു കൊണ്ടോ എൻ്റെ  ജീവൻ അത്യുത്സാഹത്തിലാണ്, ഹൃദയം പരമാനന്ദത്തിലും!


എൻ്റെ ജോലികളെല്ലാം തീർത്ത് മടങ്ങുവാൻ നേരമായെന്ന് തോന്നുന്നു; അന്തരീക്ഷത്തിലെങ്ങും അങ്ങയുടെ സാമീപ്യത്തിൻ്റെ നറുമണം!


- ഗീതാഞ്ജലീ  (XLVI)


 

2022 ജനു 13

നിത്യസത്യം

 




സൂര്യൻ ഉദിക്കുന്നത് കാണാതെ പുലരി തെളിയുന്നത് അറിയുന്നു.


അത്, യാതൊരു ദൃഷ്ടാന്തങ്ങളും ആവശ്യമില്ലാതെ സത്യത്തെ അറിയുന്നത് പോലെയാണ്.


സത്യം ഹൃദയത്തിൽ കുടികൊള്ളുന്നു.. മനസ്സിന് ആ സ്ഥാനം എന്നും അപ്രാപ്യമാണ്!

2022 ജനു 5

അഷിത


 അഷിത! എപ്പോഴോ ഉള്ളിൽ ഒളിച്ചിരുന്നൊരു പേര് മാത്രമായിരുന്നു.


എപ്പോഴോ വായിച്ച ചെറുകഥകൾ മാത്രം - അവ മാത്രമായിരുന്നു ഏക പരിചയം!


പിന്നീട് മാതൃഭൂമിയിൽ തുടർച്ച വന്ന അഭിമുഖം - ഓടി തീർത്ത ദിവസങ്ങൾക്കിടയിൽ എപ്പോഴൊക്കെയോ മിന്നി മാഞ്ഞു പോയി.


' അഷിത പോയി ' എന്ന വാർത്ത അറിഞ്ഞപ്പോഴും ഒരു ചെറു നൊമ്പരം - അവരുടെ ഫോട്ടോകൾക്ക് അമ്മയുടെ മുഖസാമ്യം ഉള്ളത് കൊണ്ടാണോ എന്നും അറിയില്ല.


അത് ഞാനായിരുന്നു - വായനശാലയിൽ നിന്ന് എടുക്കുമ്പോഴും കരുതിയില്ല, അവരെന്നിൽ ഇങ്ങനെ വന്ന് നിറയുമെന്ന്... 


ഇന്ന് അഷിത എനിക്ക് കൗതുകമുണർത്തുന്ന ഒരു പേര് മാത്രമല്ല. മറിച്ച്, ഒരുപാട് സമസ്യകൾക്കുള്ള ഉത്തരം കൂടിയാണ്. ഉള്ളിൽ എവിടെയോ കൂട് കൂട്ടി ഇരിക്കുന്ന ആ ആത്മാവിനോട് താദാത്മ്യം പ്രാപിച്ചേക്കുമോ എന്നും ഒരു സംശയം!


എല്ലാം നല്ലതിനാകട്ടെ; നല്ലതിനാകും! 


2021 മേയ് 8

ആനന്ദം







അരുമപ്രണയത്തിൻ

ആദ്യമധുരത്തിൽ

അലിഞ്ഞുചേർന്നൊരാ

നിമിഷത്തിൻ...


കനവിൽ നിറയുന്ന

നിറവിലലിയുന്ന

നനവ് പടർന്നിതാ

കൺകളിൽ..


വഴിയിതേറെയായ്

നടന്നു തീർത്തിട്ടും

പെയ്തു തോരാതെ

അനുരാഗം,


വഴി മറന്നെന്നും

മിഴി നിറഞ്ഞെന്നും

മനം കുളിർത്തിടും

ആനന്ദം!


2020 സെപ്റ്റം 17

ഒറ്റമന്ദാരം

                                            Source: https://in.pinterest.com/pin/520939881878444678/

എൻ ബാല്യത്തിന്നോർമ്മപ്പൂക്കളിൽ  
വിടർന്നു നിൽപ്പുണ്ടൊരാ വെളുത്തമന്ദാരം,
തുടുത്തകവിളിൽ നിന്നുതിർന്നുവീണ-
നനുത്ത മഞ്ഞിൻതുള്ളികൾ പോലും!

മനോജ്ഞയാം സഖി അതീവഹൃദ്യമായ്-
പകർന്നു തന്നുപോയ പ്രിയമുഹൂർത്തം;
അതീവസുന്ദരപുഷ്പമായ്, കാലത്തി- 
നതീതമായ്  വിടർന്ന വാടാമലരായ്!

എൻ ഹൃദയത്തിനൊരുകോണിലിന്നും 
നഷ്ടസ്വപ്നമായ് മിന്നും നിലാപുഷ്പമേ,
നിൻ ശുഭ്രമാം മനോമുകുരത്തിലെന്നും 
ഞാനുമൊരൊറ്റ മന്ദാരമായിരുന്നെങ്കിൽ!