2020, സെപ്റ്റം 17

ഒറ്റമന്ദാരം

                                            Source: https://in.pinterest.com/pin/520939881878444678/

എൻ ബാല്യത്തിന്നോർമ്മപ്പൂക്കളിൽ  
വിടർന്നു നിൽപ്പുണ്ടൊരാ വെളുത്തമന്ദാരം,
തുടുത്തകവിളിൽ നിന്നുതിർന്നുവീണ-
നനുത്ത മഞ്ഞിൻതുള്ളികൾ പോലും!

മനോജ്ഞയാം സഖി അതീവഹൃദ്യമായ്-
പകർന്നു തന്നുപോയ പ്രിയമുഹൂർത്തം;
അതീവസുന്ദരപുഷ്പമായ്, കാലത്തി- 
നതീതമായ്  വിടർന്ന വാടാമലരായ്!

എൻ ഹൃദയത്തിനൊരുകോണിലിന്നും 
നഷ്ടസ്വപ്നമായ് മിന്നും നിലാപുഷ്പമേ,
നിൻ ശുഭ്രമാം മനോമുകുരത്തിലെന്നും 
ഞാനുമൊരൊറ്റ മന്ദാരമായിരുന്നെങ്കിൽ! 

2020, ജൂൺ 5

എന്താണ് താവോ?

താഴ്വരയുടെ ഔന്നത്യം,

ഒഴിവിൻറെ നിറവ്,

മഹാമൗനത്തിൻറെ സംഗീതം,

അപമാനത്തിന്റെ അനുഗ്രഹം,

പിൻവാങ്ങലിൻറെ മുന്നേറ്റം,

ജ്ഞാനിയുടെ അജ്ഞത,

സംയമികളുടെ സ്ഥൈര്യം,

ആകാശഭൂമികളുടെ നിഷ്പക്ഷത.

സ്വയം നന്മയായിരിക്കുമ്പോഴും തിന്മയുടെ അഭയകേന്ദ്രം.

***************************************************




കാവ്യപൂർണ്ണമായ പരിഭാഷ; ഹൃദ്യമായ ആസ്വാദനം.
നന്ദി!

2020, മേയ് 5

ദീപം


ചിന്താഭാരം നിറഞ്ഞിരുട്ടു
മൂടിയോരെന്നന്തരംഗത്തെ
ദീപ്തമായുണർത്തിയോരാ-
ചെറുദീപനാളമേ!

അമൂർത്തരൂപിയായെന്നിൽ
നിറഞ്ഞെന്നെ,യെൻ
ബോധത്തെ, വിളിച്ചുണർത്തിയ
ജ്ജ്യോതിസ്വരൂപമേ !

വിശ്വം നിറയും കനവായ് ,
പ്രാർത്ഥനയായ്, മഹാമൗനമായ്,
രക്ഷാകവചമായെന്നും
എന്നിലുണർന്നേരിയേണമേ !

2020, ഏപ്രി 24

നാളെ















ഇന്ന് നീയെനിക്കേകാനിരുന്നൊരാ-
വർഷവും വേനലും തന്നേക്കൂ;
നാളെ ഞാനൊഴിഞ്ഞില്ലാതാകിലും
നിന്നിലെ നൊമ്പരം കുറഞ്ഞിടട്ടെ.

ഇന്ന് വിടർന്നൊരീ പൂക്കളും മാനവും
തെല്ലു നേരം നിന്ന് നോക്കിടട്ടെ;
നാളെ ഞാൻ ഇല്ലാത്ത നേരത്തും 
നിന്നിൽ ഈ വസന്തം വന്ന് നിറഞ്ഞിടട്ടെ.

ഇന്നെനിക്കേകിയ സമ്മോഹനങ്ങളിൽ
ഇന്ന് തന്നെ ഞാൻ രമിച്ചിടട്ടെ ;
നാളെ ഞാൻ വിട്ടൊഴിഞ്ഞുപോം നേരത്തു
എന്റെ ദുഃഖങ്ങൾ ശമിച്ചിടട്ടെ .

എന്നും നീയെനിക്കേകിയ നല്ലൊരാ-
ഓർമ്മകളെ ഞാൻ സ്മരിച്ചിടട്ടെ;
നാളെ ഞാനൊരോർമ്മയായി മാറുമ്പോൾ
നിൻ ഹൃത്തിലൊരു താരമായി ഉദിച്ചിടട്ടെ .

*************************************************************************

എല്ലാം ഒടുങ്ങും!
എന്നും ഞാൻ നിന്നുടെയുള്ളിൽ വസിക്കും;
സമ്മോദമോടെ!