2020 ജൂൺ 5

എന്താണ് താവോ?

താഴ്വരയുടെ ഔന്നത്യം,

ഒഴിവിൻറെ നിറവ്,

മഹാമൗനത്തിൻറെ സംഗീതം,

അപമാനത്തിന്റെ അനുഗ്രഹം,

പിൻവാങ്ങലിൻറെ മുന്നേറ്റം,

ജ്ഞാനിയുടെ അജ്ഞത,

സംയമികളുടെ സ്ഥൈര്യം,

ആകാശഭൂമികളുടെ നിഷ്പക്ഷത.

സ്വയം നന്മയായിരിക്കുമ്പോഴും തിന്മയുടെ അഭയകേന്ദ്രം.

***************************************************




കാവ്യപൂർണ്ണമായ പരിഭാഷ; ഹൃദ്യമായ ആസ്വാദനം.
നന്ദി!

2020 മേയ് 5

ദീപം


ചിന്താഭാരം നിറഞ്ഞിരുട്ടു
മൂടിയോരെന്നന്തരംഗത്തെ
ദീപ്തമായുണർത്തിയോരാ-
ചെറുദീപനാളമേ!

അമൂർത്തരൂപിയായെന്നിൽ
നിറഞ്ഞെന്നെ,യെൻ
ബോധത്തെ, വിളിച്ചുണർത്തിയ
ജ്ജ്യോതിസ്വരൂപമേ !

വിശ്വം നിറയും കനവായ് ,
പ്രാർത്ഥനയായ്, മഹാമൗനമായ്,
രക്ഷാകവചമായെന്നും
എന്നിലുണർന്നേരിയേണമേ !

2020 ഏപ്രി 24

നാളെ















ഇന്ന് നീയെനിക്കേകാനിരുന്നൊരാ-
വർഷവും വേനലും തന്നേക്കൂ;
നാളെ ഞാനൊഴിഞ്ഞില്ലാതാകിലും
നിന്നിലെ നൊമ്പരം കുറഞ്ഞിടട്ടെ.

ഇന്ന് വിടർന്നൊരീ പൂക്കളും മാനവും
തെല്ലു നേരം നിന്ന് നോക്കിടട്ടെ;
നാളെ ഞാൻ ഇല്ലാത്ത നേരത്തും 
നിന്നിൽ ഈ വസന്തം വന്ന് നിറഞ്ഞിടട്ടെ.

ഇന്നെനിക്കേകിയ സമ്മോഹനങ്ങളിൽ
ഇന്ന് തന്നെ ഞാൻ രമിച്ചിടട്ടെ ;
നാളെ ഞാൻ വിട്ടൊഴിഞ്ഞുപോം നേരത്തു
എന്റെ ദുഃഖങ്ങൾ ശമിച്ചിടട്ടെ .

എന്നും നീയെനിക്കേകിയ നല്ലൊരാ-
ഓർമ്മകളെ ഞാൻ സ്മരിച്ചിടട്ടെ;
നാളെ ഞാനൊരോർമ്മയായി മാറുമ്പോൾ
നിൻ ഹൃത്തിലൊരു താരമായി ഉദിച്ചിടട്ടെ .

*************************************************************************

എല്ലാം ഒടുങ്ങും!
എന്നും ഞാൻ നിന്നുടെയുള്ളിൽ വസിക്കും;
സമ്മോദമോടെ!

2019 ജൂൺ 7

രാഗപൂർണിമ


credits

ഭാവസുന്ദരകാവ്യമായെന്നിൽ 
ദീപ്തമായൊരനുരാഗമേ!

നിന്നോമൽ കരങ്ങളാൽ വാരിപുണർന്നെന്നെ 
സമ്മോദമാനസനാക്കിടണെ,

എന്നുമെൻ മാനസവീഥിയിൽ നീയൊരു 
പൊൻതാരമായൊളി തൂകിടണെ,

നിൻപാദരേണുവിൽ ചേരുവാനായിട്ടെ-
ന്നുൾത്താരമെന്നെന്നും തുടിച്ചിടുന്നു.

നിന്നിൽ അലിഞ്ഞലിഞ്ഞില്ലാതെയാകട്ടെ 
യെൻമോഹരാഗപരിഭവങ്ങൾ!

2017 ഓഗ 8

ഭ്രാന്തി

"ഭ്രാന്തീ "; ആരും കേൾക്കാതെ ,
ഉച്ചത്തിൽ എന്നെ തന്നെ വിളിച്ചു : "ഭ്രാന്തീ "

മഴ കണ്ടാലാർത്തു ചിരിക്കുന്നവൾ;
ചിലപ്പോൾ ഓർത്തു കരയുന്നവൾ

ഏകാന്തതയിൽ അഭിരമിക്കുന്നവൾ;
ചിലപ്പോൾ തനിയെ ഭയക്കുന്നവൾ

മാനം നോക്കി അലഞ്ഞു നടക്കുന്നവൾ ;
ചിലപ്പോൾ ഒഴിഞ്ഞുമാറുന്നവൾ :

"ഭ്രാന്തി!"

നിറങ്ങളെല്ലാം അകലെയാക്കി ,
മഴവില്ല് തീർക്കുന്നവൾ

ഉയർന്ന വാനിൽ പറന്ന തൻ്റെ
ചിറക് കെട്ടുന്നവൾ

മനം നിറഞ്ഞ മിഴിവുകൾക്കെല്ലാം
വിലക്ക് തീർക്കുന്നവൾ :

"ഭ്രാന്തി!"

"ഭ്രാന്തീ "; ആരും കേൾക്കാതെ ,
ഉച്ചത്തിൽ എന്നെ തന്നെ വിളിച്ചു : "ഭ്രാന്തീ "

ചുറ്റും ആകെ ഉഴറി നോക്കി,
ആരും അരികിലില്ലല്ലോ;

ഉച്ചത്തിൽ ഉച്ചത്തിൽ കരഞ്ഞു നോക്കി,
ആരും കേൾക്കാനില്ലല്ലോ;

ആർത്തു പെയ്ത മഴയിലൂടെ അലി-
ഞ്ഞലിഞ്ഞു പോയ്

ആരുമാരും കേൾക്കാതറിയാതെ -
ആ ഭ്രാന്തിൻ നിലവിളികൾ!



2015 ഓഗ 14

തൽവാത്സല്യം നുകർന്നുണരും പ്രഭാതം പോൽ വരുമോ മറ്റൊരു നാളും?

2015 ജൂലൈ 9

ശുഭവേള



മേഘരാജൻ ഒളിയായ് വിളങ്ങിടും
താരകന്യകകൾ മിന്നിമാഞ്ഞിടും
ഈ മനോജ്ഞതീരമല്ലോ,
ശുഭസായാഹ്നനേരമല്ലോ,
നവനവമായ്; മഹാ ജ്യോതിസ്സായ്
ജീവൻ ഉണർന്നു വിളങ്ങുന്നുവല്ലോ!