2010 മേയ് 25

അകലങ്ങള്‍


ഞാന്‍: നീയെന്താ കാണുന്നത്? 

നീ: നമുക്കിടയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമി.

ഞാ: സുതാര്യമായ ഈ മനസ്സിലൂടെ നോക്ക്. ഇപ്പോഴോ? മരുഭൂമിയുടെ അതിരുകള്‍ കവിഞ്ഞൊഴുകുന്ന അരുവികള്‍ ഒന്നുചേരുന്നത് കാണുന്നില്ലേ?

നീ: നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ?

ഞാ: അന്യതയുടെ കെട്ടുകള്‍ അഴിക്കൂ. എന്നിട്ട് ആ നന്മ നിറഞ്ഞ കണ്ണുകളിലൂടെ നോക്കൂ. ഇപ്പോഴോ? അന്ധതയുടെ മൂടുപടം നീങ്ങുമ്പോള്‍ നിറയുന്ന തെളിമ നീ കാണുന്നില്ലേ?

നീ: നമുക്കിടയിലെ ദൂരങ്ങള്‍...

ഞാ: ഒപ്പം ഒരിറ്റ് സ്നേഹവും കരുതലും കൂടി കരുതിക്കോളൂ. ഇപ്പോഴും നമുക്കിടയില്‍ ദൂരങ്ങള്‍ കാണുന്നോ?

നീ: ഇല്ല..

 ഞാ: പിന്നെ?

നീ: ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട.

2010 ഏപ്രി 6

ഒരു മഴ ചിത്രം

മഴ പെയ്ത് തോര്‍ന്നു..
വരണ്ട മണ്ണിലേക്ക് ആശയായ്‌ അമൃതമായ്‌  ഇറങ്ങി വന്ന വേനല്‍ മഴ. ഇന്ന് തുടി കൊട്ടി പാടി ആടി തിമിര്‍ത്ത് പെയ്തു.
ഇപ്പോള്‍ ശമനതാളം. അങ്ങിങ്ങായ്‌  മുറിഞ്ഞു മുറിഞ്ഞു വിഴുന്ന അവസാന തുള്ളികളുടെ നാദം മാത്രം.
മനം കുളിര്‍ത്ത് കോരിത്തരിച്ച് നില്‍ക്കുന്ന കടുത്ത വേനലിലെ തണുത്ത ഒരു രാവ്.
മഴ മാറിയ മാനത്ത് നിന്ന്‍ നറും നിലാവ് അരിച്ചോഴുകി തുടങ്ങി.
മഴയില്‍ കുളിച്ചീറന്‍ മാറാതെ നിലാവില്‍ പൊതിഞ്ഞു നില്‍കുന്ന രാവ്.
ആയിരം ഉഷ്ണ കാലങ്ങളെ മറക്കാന്‍.. ഒരു രാത്രി മഴ!

2010 മാർ 18

ഉണര്‍ത്തുപാട്ട്



ചക്രവാളത്തിങ്കൽ പറന്നുയരുന്നു
വെളിച്ചചിറകുകൾ വീശി-
യരുണനേത്രനാം പക്ഷി.
നൽചിരി തൂകിയ പൂക്കളും -
പൊഴിഞ്ഞു വീഴുന്നു സത്വരം.
നിൻ പ്രഭയിൽ ഒളിമങ്ങിയലിയുന്നു,
മന്ദാരപ്പൂവിതളാം ചന്ദ്രനും
വിഭാതം വിടർത്തി പാടുന്ന
പക്ഷീ നീ സ്വയം കത്തിയെരി -
ഞ്ഞെന്നും ഞങ്ങളെ പോറ്റുന്നു.
ഊർജ്ജമണ്ഡലമായ് നീയീ
ജഗത്തിൻ ജീവശ്വാസമായ്
പ്രണവമായ് നിറയുന്നു.
നീയെരിഞ്ഞടങ്ങുന്നൊരീ രാവിൽ
നിൻ അലിവിൻ നിഴലിൽ
ഞങ്ങളും, നല്ലൊരു നാളേയ്ക്കായ്
കിനാവ് കണ്ടുറങ്ങീടട്ടെ.
നാളെ വീണ്ടും വരിക
വന്ന്‍ ഞങ്ങളെ തുയിലുണർത്തുക.

2009 ഡിസം 9

സുകൃതക്ഷയം



         പടിയിറക്കം! എന്നോ എന്റെ ഓളങ്ങള്‍ വന്നലച്ചിരുന്ന ഈ കല്‍പടവുകള്‍ ഒരിക്കല്‍ കൂടി കാണട്ടെ. നന്ദി! മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളെ തഴുകാന്‍ എനിക്ക്‌ ആകുമെന്ന്‌ തോന്നുന്നില്ല.

        എന്നിലേക്ക്‌ മധുരക്കനികള്‍ പകര്‍ന്നു തന്ന വന്‍വൃക്ഷങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ താരാട്ട്‌ പാടാന്‍ എനിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല.; നിങ്ങള്‍ക്ക്‌ ജീവാമൃതം പകരാനും.

        എന്നില്‍ ജീവതാളമായിരുന്ന ആയിരമായിരം മത്സ്യങ്ങളെ നിങ്ങളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. ഇനിയൊരിക്കലും നിങ്ങളെ കാണാനും പായാരം ചൊല്ലാനും ഞാനുണ്ടായെന്ന്‌ വരില്ല.

        എന്റെ പുണ്യം ജീവന്‍ പകര്‍ന്ന മൃഗസഞ്ചയങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ ജീവന്റെയും ആത്മാവിന്റെയും ദാഹമകറ്റാന്‍ എനിക്‌ കഴിവില്ല.

        എന്നെ സ്നേഹിച്ച എന്റെ സാമീപ്യം കൊതിച്ച മനുഷ്യാത്മാക്കളെ മാപ്പ്‌. ഇനിയൊരിക്കലും നിങ്ങളുടെ പ്രണയത്തിനും പ്രയാണത്തിനും സാക്ഷിയായ്‌ ഞാനുണ്ടാകില്ല. മന്വന്തരങ്ങളില്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയ വിസ്മയങ്ങള്‍ കാണാനും എനിക്കിനി കഴിയില്ല.

        എന്നെ സ്നേഹിച്ച മണല്‍ത്തരികളെ, പുല്‍നാമ്പുകളെ, ഇലപടര്‍പ്പുകളെ, വടവൃക്ഷങ്ങളെ, ജീവജാലങ്ങളെ, സത്യദാഹികളും അല്ലാത്തവരുമായ മനുഷ്യരെ, എന്റെ മക്കളെ, നന്ദി! ഈ പ്രപഞ്ചം നിങ്ങള്‍ക്ക്‌... ഞാന്‍ ഒഴിയട്ടെ. യാത്ര തിരിക്കട്ടെ. മാപ്പ്‌! എന്റെ കണ്ണീരു തടയാന്‍ എനിക്കാകുന്നില്ല. നനവില്ലാത്ത എന്റെ കണ്ണീര്‍ . എന്റെ സുകൃതം എന്നോ ക്ഷയിച്ചു. ഇനി മൃതി.

നന്ദി!എന്നെ ഇത്രയധികം സ്നേഹിച്ചതിന്‌. മാപ്പ്‌! ഞാന്‍ എന്നെ തന്നെ മറന്ന്‌ നിങ്ങളെ സ്നേഹിച്ചതിന്‌.

ദേവന്‍റെ പൂവ്‌




സ്വപ്നം

ഞാന്‍:  എന്തേ നീയിന്ന്‌ ചോന്നുതുടുത്തതെന്‍ കുഞ്ഞുപനിനീര്‍പുവേ
           അഭിരാമ,മീയാരാമത്തില്‍ വിടരാന്‍ കഴിഞ്ഞതിനാലോ,
           തന്‍ പ്രേമനാഥനെ നീയെന്നും ധ്യാനിച്ചുനിന്നതിനാലോ,
           എന്തേ നീയിന്ന്‌ വ്രീളാവിവശയാകുവതെന്തേ?

പൂവ്‌:   മൊട്ടിട്ട നാള്‍ തൊട്ടേയാശിച്ചതാണാ മേഘവര്‍ണ്ണനെ കാണാന്‍,
           ആ ശ്രീപാദങ്ങളിലെന്നെങ്കിലും ചേര്‍ന്നടിയാന്‍, അല്ലായ്കി-
           ലാ പാദപത്മധൂളിയൊരിക്കലെങ്കിലും ശിരസ്സിലണിയാന്‍;
           ഇവയെന്‍ ജീവിതം പൂവിട്ടുണര്‍ത്തിയ സുന്ദരസ്വപ്‌നങ്ങള്‍!
***************************************************
സമാപ്തി

ഞാന്‍:  എന്നിട്ടുമെന്തെ നീയിന്ന്‌ മണ്ണോടു ചേര്‍ന്നതെന്‍ കുഞ്ഞുപൂവേ?
           ആ നീലവര്‍ണ്ണന്നു കരുണയില്ലേ, നിന്നെ കൈവിട്ടു കളഞ്ഞതെന്തേ?

പൂവ്‌:   നീയെന്തറിവൂ,യെന്‍ സഖി! ഭവാന്‍ എന്നെയെന്നോ ആ
           കൗസ്തുഭം വിടരും മാറില്‍ ചേര്‍ത്തു വച്ചതല്ലേ.
           മൃതം, ഈ ശരീരം മാത്രം; ഞാന്‍ മണ്ണായ്‌ തീരുകയില്ല,
           വൈകുണ്ഠപുരിയില്‍, പാല്‍ക്കടലില്‍, ആ മാനസത്തില്‍
           ഞാനെന്നെന്നും വിടര്‍ന്നു പരിലസിക്കുമല്ലോ!

2009 നവം 29

താരകപ്രേമം

നിറനിലാവൊഴുകും രാവില്‍
മലര്‍മാരി പെയ്യും നിലാവില്‍
ഒരു കുഞ്ഞുതാരകപൂവിന്റെ നൊമ്പരം
അറിയാതുറങ്ങുന്നു മാനം.

മിഴികളില്‍ നനവുമായ്‌ നീലനിലാവിലി-
ന്നവള്‍ കാത്തിരിപ്പതാരെ?
ഉരുകും മനവുമായ്‌ ഈ കുളിര്‍ യാമത്തി-
ലവള്‍ ഓര്‍ത്തിരിപ്പതാരെ?

അകലത്തൊരാളിന്റെ നിസ്വനം കേട്ടാലോ
അറിയാതുയരുന്നു സ്പന്ദനങ്ങള്‍.
രാവൊടുങ്ങും മുന്‍പേ തന്‍പ്രേമനാഥനെ
കാണാന്‍ കൊതിക്കുന്നുണ്ടാ മാനസം.

എന്നിട്ടും..
ഒരു വര്‍ണ്ണതേരേറിയവനിന്നണയുമ്പോള്‍
നീ ഒളിമങ്ങി പോകുവതെന്തെന്‍ സഖീ?

****************************************
സുര്യന്റെ മറുവാക്ക്:
നിന്നൊളി നിന്‍ മനസ്സിലെന്നറിയുകെന്‍ സഖി!
നിന്നൊളി നിന്‍ പ്രണയത്തിലെന്നറിയുകെന്‍ സഖി!
മങ്ങില്ലൊരിക്കലുമത് ജന്മാന്തരങ്ങളോളം..