2009 ഡിസം 9

സുകൃതക്ഷയം



         പടിയിറക്കം! എന്നോ എന്റെ ഓളങ്ങള്‍ വന്നലച്ചിരുന്ന ഈ കല്‍പടവുകള്‍ ഒരിക്കല്‍ കൂടി കാണട്ടെ. നന്ദി! മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളെ തഴുകാന്‍ എനിക്ക്‌ ആകുമെന്ന്‌ തോന്നുന്നില്ല.

        എന്നിലേക്ക്‌ മധുരക്കനികള്‍ പകര്‍ന്നു തന്ന വന്‍വൃക്ഷങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ താരാട്ട്‌ പാടാന്‍ എനിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല.; നിങ്ങള്‍ക്ക്‌ ജീവാമൃതം പകരാനും.

        എന്നില്‍ ജീവതാളമായിരുന്ന ആയിരമായിരം മത്സ്യങ്ങളെ നിങ്ങളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. ഇനിയൊരിക്കലും നിങ്ങളെ കാണാനും പായാരം ചൊല്ലാനും ഞാനുണ്ടായെന്ന്‌ വരില്ല.

        എന്റെ പുണ്യം ജീവന്‍ പകര്‍ന്ന മൃഗസഞ്ചയങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ ജീവന്റെയും ആത്മാവിന്റെയും ദാഹമകറ്റാന്‍ എനിക്‌ കഴിവില്ല.

        എന്നെ സ്നേഹിച്ച എന്റെ സാമീപ്യം കൊതിച്ച മനുഷ്യാത്മാക്കളെ മാപ്പ്‌. ഇനിയൊരിക്കലും നിങ്ങളുടെ പ്രണയത്തിനും പ്രയാണത്തിനും സാക്ഷിയായ്‌ ഞാനുണ്ടാകില്ല. മന്വന്തരങ്ങളില്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയ വിസ്മയങ്ങള്‍ കാണാനും എനിക്കിനി കഴിയില്ല.

        എന്നെ സ്നേഹിച്ച മണല്‍ത്തരികളെ, പുല്‍നാമ്പുകളെ, ഇലപടര്‍പ്പുകളെ, വടവൃക്ഷങ്ങളെ, ജീവജാലങ്ങളെ, സത്യദാഹികളും അല്ലാത്തവരുമായ മനുഷ്യരെ, എന്റെ മക്കളെ, നന്ദി! ഈ പ്രപഞ്ചം നിങ്ങള്‍ക്ക്‌... ഞാന്‍ ഒഴിയട്ടെ. യാത്ര തിരിക്കട്ടെ. മാപ്പ്‌! എന്റെ കണ്ണീരു തടയാന്‍ എനിക്കാകുന്നില്ല. നനവില്ലാത്ത എന്റെ കണ്ണീര്‍ . എന്റെ സുകൃതം എന്നോ ക്ഷയിച്ചു. ഇനി മൃതി.

നന്ദി!എന്നെ ഇത്രയധികം സ്നേഹിച്ചതിന്‌. മാപ്പ്‌! ഞാന്‍ എന്നെ തന്നെ മറന്ന്‌ നിങ്ങളെ സ്നേഹിച്ചതിന്‌.

ദേവന്‍റെ പൂവ്‌




സ്വപ്നം

ഞാന്‍:  എന്തേ നീയിന്ന്‌ ചോന്നുതുടുത്തതെന്‍ കുഞ്ഞുപനിനീര്‍പുവേ
           അഭിരാമ,മീയാരാമത്തില്‍ വിടരാന്‍ കഴിഞ്ഞതിനാലോ,
           തന്‍ പ്രേമനാഥനെ നീയെന്നും ധ്യാനിച്ചുനിന്നതിനാലോ,
           എന്തേ നീയിന്ന്‌ വ്രീളാവിവശയാകുവതെന്തേ?

പൂവ്‌:   മൊട്ടിട്ട നാള്‍ തൊട്ടേയാശിച്ചതാണാ മേഘവര്‍ണ്ണനെ കാണാന്‍,
           ആ ശ്രീപാദങ്ങളിലെന്നെങ്കിലും ചേര്‍ന്നടിയാന്‍, അല്ലായ്കി-
           ലാ പാദപത്മധൂളിയൊരിക്കലെങ്കിലും ശിരസ്സിലണിയാന്‍;
           ഇവയെന്‍ ജീവിതം പൂവിട്ടുണര്‍ത്തിയ സുന്ദരസ്വപ്‌നങ്ങള്‍!
***************************************************
സമാപ്തി

ഞാന്‍:  എന്നിട്ടുമെന്തെ നീയിന്ന്‌ മണ്ണോടു ചേര്‍ന്നതെന്‍ കുഞ്ഞുപൂവേ?
           ആ നീലവര്‍ണ്ണന്നു കരുണയില്ലേ, നിന്നെ കൈവിട്ടു കളഞ്ഞതെന്തേ?

പൂവ്‌:   നീയെന്തറിവൂ,യെന്‍ സഖി! ഭവാന്‍ എന്നെയെന്നോ ആ
           കൗസ്തുഭം വിടരും മാറില്‍ ചേര്‍ത്തു വച്ചതല്ലേ.
           മൃതം, ഈ ശരീരം മാത്രം; ഞാന്‍ മണ്ണായ്‌ തീരുകയില്ല,
           വൈകുണ്ഠപുരിയില്‍, പാല്‍ക്കടലില്‍, ആ മാനസത്തില്‍
           ഞാനെന്നെന്നും വിടര്‍ന്നു പരിലസിക്കുമല്ലോ!

2009 നവം 29

താരകപ്രേമം

നിറനിലാവൊഴുകും രാവില്‍
മലര്‍മാരി പെയ്യും നിലാവില്‍
ഒരു കുഞ്ഞുതാരകപൂവിന്റെ നൊമ്പരം
അറിയാതുറങ്ങുന്നു മാനം.

മിഴികളില്‍ നനവുമായ്‌ നീലനിലാവിലി-
ന്നവള്‍ കാത്തിരിപ്പതാരെ?
ഉരുകും മനവുമായ്‌ ഈ കുളിര്‍ യാമത്തി-
ലവള്‍ ഓര്‍ത്തിരിപ്പതാരെ?

അകലത്തൊരാളിന്റെ നിസ്വനം കേട്ടാലോ
അറിയാതുയരുന്നു സ്പന്ദനങ്ങള്‍.
രാവൊടുങ്ങും മുന്‍പേ തന്‍പ്രേമനാഥനെ
കാണാന്‍ കൊതിക്കുന്നുണ്ടാ മാനസം.

എന്നിട്ടും..
ഒരു വര്‍ണ്ണതേരേറിയവനിന്നണയുമ്പോള്‍
നീ ഒളിമങ്ങി പോകുവതെന്തെന്‍ സഖീ?

****************************************
സുര്യന്റെ മറുവാക്ക്:
നിന്നൊളി നിന്‍ മനസ്സിലെന്നറിയുകെന്‍ സഖി!
നിന്നൊളി നിന്‍ പ്രണയത്തിലെന്നറിയുകെന്‍ സഖി!
മങ്ങില്ലൊരിക്കലുമത് ജന്മാന്തരങ്ങളോളം..

2009 നവം 28

കളഞ്ഞുപോയ കണ്ണിന്റെ കഥ




കളഞ്ഞുപോയ കണ്ണിന്റെ കഥ വായിച്ചു. ('ആർക്കും വേണ്ടാത്ത കണ്ണ്‌' - ശിഹാബുദ്ദീൻ പൊയ്തുംകടവ്‌). 2009 ജനുവരി 4-ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കെ.ടി.ബി.കൽപത്തൂർ എഴുതിയ "ഫാന്റസി കഥകളിലെ സത്യദർശനങ്ങൾ" എന്ന നിരൂപണം മനസ്സിലെവിടെയോ തങ്ങി നിന്നിരുന്നു. അതു കൊണ്ടാണ്‌ "ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന പുസ്തകം മുന്നിൽ വന്നപ്പോൾ വായിക്കാനെടുത്തത്‌. കഥ വായിച്ചു കഴിഞ്ഞപ്പോൾ കണ്ണിനാകെ ഒരു നീറ്റൽ. എന്റെ കണ്ണും പേടിച്ചു പുകയുന്നു.

കഥാകാരന്റെ ഭ്രാന്തമായ രാപകലുകൾക്ക്‌ മുന്നിലൂടെ മാത്രമല്ല എന്റെ ചഞ്ചലമായ മനസ്സിനു മുന്നിലും അർത്ഥശൂന്യമായ നിരവധി റെയിൽപാളങ്ങൾ നിരന്നു. ഒരു തീവണ്ടിയും നിർത്താത്ത സ്റ്റേഷനിലെ സ്റ്റേഷന്മാസ്റ്ററെ പോലെ വായനക്കാരനും എല്ലാറ്റിനും ഒരു നിസ്സംഗ സാക്ഷിയാകുന്ന അവസ്ഥ!

കളഞ്ഞു പോയ കണ്ണിനെയോർത്ത്‌ സഹതപിക്കാമെന്നല്ലാതെ അതിനെ ഏറ്റെടുക്കാനും പരിപാലിക്കാനും പരിണിത ഫലങ്ങൾ: അനുഭവിക്കാനും ഞാൻ തയ്യാറല്ല. ഒരിക്കലും തന്നെ തേടി വരാത്ത ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ്‌, അതിന്റെ വേദന, നൈരാശ്യം, പിടച്ചിൽ, മരണം, ഇതൊന്നും കാണാൻ എന്റെ കണ്ണുകൾക്ക്‌ വയ്യ!

"ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന സമാഹരത്തിൽ ഇനിയുമേറെയുണ്ട്‌ പറയാനും ഓർക്കാനും. തത്ത്വമസി പോലെ "ഇരട്ടകോവണിയുള്ള കെട്ടിട"വും "അത്രയൊന്നും യുക്തിഭദ്രമല്ലാത്ത മറ്റൊരു കഥ"യും എല്ലാം അനുഭവവേദ്യമാക്കിയ വികാരവിചാരങ്ങൾക്ക്‌ ഒരായിരം നന്ദി. "ദുർഗ്രാഹ്യമായ ഏതോ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിച്ച്‌ മറ്റൊരു ദുർഗ്രാഹ്യമണ്ഡലത്തിലേക്ക്‌ നീളുന്ന പാളങ്ങൾ"ആകുന്നു ഇതിലെ ഓരോ കഥയും. നന്ദി ശിഹാബുദ്ദീൻ!


http://www.namukkidayil.blogspot.com/

2009 നവം 1

ഒരു ശ്വാനന്റെ ചരമഗീതം

ലോകം കാക്കുന്ന തമ്പുരാന്മാരേ, ഈ മണ്ണിന്‍ -
കാവല്‍ക്കാരിലൊരാള്‍ ഞാന്‍,എഴുതുന്നീ ഗീതം.
വര്‍ഗ്ഗസമരമല്ല, സാഹസമല്ല ഈ ഏഴകള്‍ തന്‍-
വെറും ജീവിതസാക്ഷ്യപെടുത്തലാണീ ഗാനം.

നാലല്ല നാന്നൂറ്‌ കൊല്ലമല്ല അതിലേറേയീ ഞങ്ങള്‍-
ദേവാപരന്മാരാം മനുജാതി തന്‍ തോഴര്‍.
ആപത്ക്കാലത്തിലവരെ കാത്തുപോരുന്ന വീരര്‍,
നന്മയും സ്നേഹവും കൈമുതലായവര്‍,
നന്ദിയ്ക്ക്‌ പെരുമകേട്ട ഒരേ വര്‍ഗ്ഗം.
കാട്ടിലും മേട്ടിലും പാറമടയിലും കൂട്ടുപോയ്‌
അവനായ്‌ വിടുപണി ചെയ്തീക്കാലമെല്ലാം
സ്നേഹമോ ശാസനയോ ഭേദദണ്ഡമോ ഏതും
നെഞ്ചേറ്റുന്ന പാവമാം സഹയാത്രികര്‍
ഈ ശ്വാനവര്‍ഗ്ഗത്തിന്‍ വീരകഥകളെന്നാളും
പറഞ്ഞാലൊടുങ്ങുമോ?

സ്വര്‍ണ്ണലിപികളിലെഴുതേണ്ട, ചരിത്രസത്യ-
ങളാക്കേണ്ട ഞങ്ങള്‍ തന്‍ ഗാഥകള്‍.
ഒരിറ്റു കാരുണ്യം, ദയ, അതു മതി മറ്റേ-
തും കൊതിക്കുന്നതില്ല ഞങ്ങള്‍.

തന്മകന്‍ ജീവനറ്റു കിടക്കുമ്പോളേതൊരമ്മയും
തളര്‍ന്നു പൊകുമല്ലോ? ഞാനുമൊരമ്മ!
ആരോ 'യജമാനന്‍' തന്ന വിഷചോറ്‌ തിന്നൊ-
ടുങ്ങി കിടക്കുന്നുണ്ടെന്റെ മക്കള്‍!
ഞാനുമൊഴിയട്ടെ, തീരട്ടെയീ ജന്മം മര്‍ത്ത്യ-
ദാസിയായ്‌ ജീവിച്ച കുറ്റത്തിന്‌.
ഭാരമേറുന്നു തലയ്ക്കയ്യോ! കാലുകള്‍ കുഴഞ്ഞു-
മറിഞ്ഞു പോകുന്നല്ലോ!കണ്‍കള്‍-
മറയുന്നു, ലോകം കീഴ്‌മേലാകുന്നു,
ഇരുട്ടു പടര്‍ന്നു കയറുന്നു...

എന്നിട്ടും കാലം, പതിയേ ഒഴുകുന്നു.

2009 സെപ്റ്റം 23

ക്ഷണം




കൃഷ്ണവര്‍ണ്ണമുകിലോടെ
പീതവര്‍ണ്ണതുകിലോടെ
ചാരുവര്‍ണ്ണവര്‍ണ്ണാഭനേ
ചാരെ വാ നീ, മഥുരാപതേ.

മേരുതന്നെകുടയാക്കി
മാരിതന്നെതടുത്തവനേ
മാരിവില്ലിന്‍ കാന്തിയെഴും
മാരനായ്‌ നീ, വന്നണയൂ.

കാളിന്ദിയില്‍ കനിവാക
കാളിയനെ കൊന്നവനേ
കാലപാശഭീതിയോടെ
ഞാനിരിപ്പൂ, വന്നണയൂ.

മാനിനിമാര്‍മന്നവനേ
മാരചാപംവെന്നവനേ
മായയായ്‌ നീ,യെന്നില്‍ നിന്നും
മായരുതേ, നയനാഭനേ.

മാരിയായ്‌ നീ വന്നണയും
മേടിറങ്ങി വന്നണയും
ആഴിതാണ്ടി വന്നണയും
വന്നണഞ്ഞെന്‍ മാലകറ്റും.