2009, ഡിസം 9

സുകൃതക്ഷയം         പടിയിറക്കം! എന്നോ എന്റെ ഓളങ്ങള്‍ വന്നലച്ചിരുന്ന ഈ കല്‍പടവുകള്‍ ഒരിക്കല്‍ കൂടി കാണട്ടെ. നന്ദി! മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളെ തഴുകാന്‍ എനിക്ക്‌ ആകുമെന്ന്‌ തോന്നുന്നില്ല.

        എന്നിലേക്ക്‌ മധുരക്കനികള്‍ പകര്‍ന്നു തന്ന വന്‍വൃക്ഷങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ താരാട്ട്‌ പാടാന്‍ എനിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല.; നിങ്ങള്‍ക്ക്‌ ജീവാമൃതം പകരാനും.

        എന്നില്‍ ജീവതാളമായിരുന്ന ആയിരമായിരം മത്സ്യങ്ങളെ നിങ്ങളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. ഇനിയൊരിക്കലും നിങ്ങളെ കാണാനും പായാരം ചൊല്ലാനും ഞാനുണ്ടായെന്ന്‌ വരില്ല.

        എന്റെ പുണ്യം ജീവന്‍ പകര്‍ന്ന മൃഗസഞ്ചയങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ ജീവന്റെയും ആത്മാവിന്റെയും ദാഹമകറ്റാന്‍ എനിക്‌ കഴിവില്ല.

        എന്നെ സ്നേഹിച്ച എന്റെ സാമീപ്യം കൊതിച്ച മനുഷ്യാത്മാക്കളെ മാപ്പ്‌. ഇനിയൊരിക്കലും നിങ്ങളുടെ പ്രണയത്തിനും പ്രയാണത്തിനും സാക്ഷിയായ്‌ ഞാനുണ്ടാകില്ല. മന്വന്തരങ്ങളില്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയ വിസ്മയങ്ങള്‍ കാണാനും എനിക്കിനി കഴിയില്ല.

        എന്നെ സ്നേഹിച്ച മണല്‍ത്തരികളെ, പുല്‍നാമ്പുകളെ, ഇലപടര്‍പ്പുകളെ, വടവൃക്ഷങ്ങളെ, ജീവജാലങ്ങളെ, സത്യദാഹികളും അല്ലാത്തവരുമായ മനുഷ്യരെ, എന്റെ മക്കളെ, നന്ദി! ഈ പ്രപഞ്ചം നിങ്ങള്‍ക്ക്‌... ഞാന്‍ ഒഴിയട്ടെ. യാത്ര തിരിക്കട്ടെ. മാപ്പ്‌! എന്റെ കണ്ണീരു തടയാന്‍ എനിക്കാകുന്നില്ല. നനവില്ലാത്ത എന്റെ കണ്ണീര്‍ . എന്റെ സുകൃതം എന്നോ ക്ഷയിച്ചു. ഇനി മൃതി.

നന്ദി!എന്നെ ഇത്രയധികം സ്നേഹിച്ചതിന്‌. മാപ്പ്‌! ഞാന്‍ എന്നെ തന്നെ മറന്ന്‌ നിങ്ങളെ സ്നേഹിച്ചതിന്‌.

ദേവന്‍റെ പൂവ്‌
സ്വപ്നം

ഞാന്‍:  എന്തേ നീയിന്ന്‌ ചോന്നുതുടുത്തതെന്‍ കുഞ്ഞുപനിനീര്‍പുവേ
           അഭിരാമ,മീയാരാമത്തില്‍ വിടരാന്‍ കഴിഞ്ഞതിനാലോ,
           തന്‍ പ്രേമനാഥനെ നീയെന്നും ധ്യാനിച്ചുനിന്നതിനാലോ,
           എന്തേ നീയിന്ന്‌ വ്രീളാവിവശയാകുവതെന്തേ?

പൂവ്‌:   മൊട്ടിട്ട നാള്‍ തൊട്ടേയാശിച്ചതാണാ മേഘവര്‍ണ്ണനെ കാണാന്‍,
           ആ ശ്രീപാദങ്ങളിലെന്നെങ്കിലും ചേര്‍ന്നടിയാന്‍, അല്ലായ്കി-
           ലാ പാദപത്മധൂളിയൊരിക്കലെങ്കിലും ശിരസ്സിലണിയാന്‍;
           ഇവയെന്‍ ജീവിതം പൂവിട്ടുണര്‍ത്തിയ സുന്ദരസ്വപ്‌നങ്ങള്‍!
***************************************************
സമാപ്തി

ഞാന്‍:  എന്നിട്ടുമെന്തെ നീയിന്ന്‌ മണ്ണോടു ചേര്‍ന്നതെന്‍ കുഞ്ഞുപൂവേ?
           ആ നീലവര്‍ണ്ണന്നു കരുണയില്ലേ, നിന്നെ കൈവിട്ടു കളഞ്ഞതെന്തേ?

പൂവ്‌:   നീയെന്തറിവൂ,യെന്‍ സഖി! ഭവാന്‍ എന്നെയെന്നോ ആ
           കൗസ്തുഭം വിടരും മാറില്‍ ചേര്‍ത്തു വച്ചതല്ലേ.
           മൃതം, ഈ ശരീരം മാത്രം; ഞാന്‍ മണ്ണായ്‌ തീരുകയില്ല,
           വൈകുണ്ഠപുരിയില്‍, പാല്‍ക്കടലില്‍, ആ മാനസത്തില്‍
           ഞാനെന്നെന്നും വിടര്‍ന്നു പരിലസിക്കുമല്ലോ!

2009, നവം 30

2009, നവം 29

താരകപ്രേമം

നിറനിലാവൊഴുകും രാവില്‍
മലര്‍മാരി പെയ്യും നിലാവില്‍
ഒരു കുഞ്ഞുതാരകപൂവിന്റെ നൊമ്പരം
അറിയാതുറങ്ങുന്നു മാനം.

മിഴികളില്‍ നനവുമായ്‌ നീലനിലാവിലി-
ന്നവള്‍ കാത്തിരിപ്പതാരെ?
ഉരുകും മനവുമായ്‌ ഈ കുളിര്‍ യാമത്തി-
ലവള്‍ ഓര്‍ത്തിരിപ്പതാരെ?

അകലത്തൊരാളിന്റെ നിസ്വനം കേട്ടാലോ
അറിയാതുയരുന്നു സ്പന്ദനങ്ങള്‍.
രാവൊടുങ്ങും മുന്‍പേ തന്‍പ്രേമനാഥനെ
കാണാന്‍ കൊതിക്കുന്നുണ്ടാ മാനസം.

എന്നിട്ടും..
ഒരു വര്‍ണ്ണതേരേറിയവനിന്നണയുമ്പോള്‍
നീ ഒളിമങ്ങി പോകുവതെന്തെന്‍ സഖീ?

****************************************
സുര്യന്റെ മറുവാക്ക്:
നിന്നൊളി നിന്‍ മനസ്സിലെന്നറിയുകെന്‍ സഖി!
നിന്നൊളി നിന്‍ പ്രണയത്തിലെന്നറിയുകെന്‍ സഖി!
മങ്ങില്ലൊരിക്കലുമത് ജന്മാന്തരങ്ങളോളം..

2009, നവം 28

കളഞ്ഞുപോയ കണ്ണിന്റെ കഥ
കളഞ്ഞുപോയ കണ്ണിന്റെ കഥ വായിച്ചു. ('ആർക്കും വേണ്ടാത്ത കണ്ണ്‌' - ശിഹാബുദ്ദീൻ പൊയ്തുംകടവ്‌). 2009 ജനുവരി 4-ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കെ.ടി.ബി.കൽപത്തൂർ എഴുതിയ "ഫാന്റസി കഥകളിലെ സത്യദർശനങ്ങൾ" എന്ന നിരൂപണം മനസ്സിലെവിടെയോ തങ്ങി നിന്നിരുന്നു. അതു കൊണ്ടാണ്‌ "ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന പുസ്തകം മുന്നിൽ വന്നപ്പോൾ വായിക്കാനെടുത്തത്‌. കഥ വായിച്ചു കഴിഞ്ഞപ്പോൾ കണ്ണിനാകെ ഒരു നീറ്റൽ. എന്റെ കണ്ണും പേടിച്ചു പുകയുന്നു.

കഥാകാരന്റെ ഭ്രാന്തമായ രാപകലുകൾക്ക്‌ മുന്നിലൂടെ മാത്രമല്ല എന്റെ ചഞ്ചലമായ മനസ്സിനു മുന്നിലും അർത്ഥശൂന്യമായ നിരവധി റെയിൽപാളങ്ങൾ നിരന്നു. ഒരു തീവണ്ടിയും നിർത്താത്ത സ്റ്റേഷനിലെ സ്റ്റേഷന്മാസ്റ്ററെ പോലെ വായനക്കാരനും എല്ലാറ്റിനും ഒരു നിസ്സംഗ സാക്ഷിയാകുന്ന അവസ്ഥ!

കളഞ്ഞു പോയ കണ്ണിനെയോർത്ത്‌ സഹതപിക്കാമെന്നല്ലാതെ അതിനെ ഏറ്റെടുക്കാനും പരിപാലിക്കാനും പരിണിത ഫലങ്ങൾ: അനുഭവിക്കാനും ഞാൻ തയ്യാറല്ല. ഒരിക്കലും തന്നെ തേടി വരാത്ത ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ്‌, അതിന്റെ വേദന, നൈരാശ്യം, പിടച്ചിൽ, മരണം, ഇതൊന്നും കാണാൻ എന്റെ കണ്ണുകൾക്ക്‌ വയ്യ!

"ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന സമാഹരത്തിൽ ഇനിയുമേറെയുണ്ട്‌ പറയാനും ഓർക്കാനും. തത്ത്വമസി പോലെ "ഇരട്ടകോവണിയുള്ള കെട്ടിട"വും "അത്രയൊന്നും യുക്തിഭദ്രമല്ലാത്ത മറ്റൊരു കഥ"യും എല്ലാം അനുഭവവേദ്യമാക്കിയ വികാരവിചാരങ്ങൾക്ക്‌ ഒരായിരം നന്ദി. "ദുർഗ്രാഹ്യമായ ഏതോ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിച്ച്‌ മറ്റൊരു ദുർഗ്രാഹ്യമണ്ഡലത്തിലേക്ക്‌ നീളുന്ന പാളങ്ങൾ"ആകുന്നു ഇതിലെ ഓരോ കഥയും. നന്ദി ശിഹാബുദ്ദീൻ!


http://www.namukkidayil.blogspot.com/

2009, നവം 1

ഒരു ശ്വാനന്റെ ചരമഗീതം

ലോകം കാക്കുന്ന തമ്പുരാന്മാരേ, ഈ മണ്ണിന്‍ -
കാവല്‍ക്കാരിലൊരാള്‍ ഞാന്‍,എഴുതുന്നീ ഗീതം.
വര്‍ഗ്ഗസമരമല്ല, സാഹസമല്ല ഈ ഏഴകള്‍ തന്‍-
വെറും ജീവിതസാക്ഷ്യപെടുത്തലാണീ ഗാനം.

നാലല്ല നാന്നൂറ്‌ കൊല്ലമല്ല അതിലേറേയീ ഞങ്ങള്‍-
ദേവാപരന്മാരാം മനുജാതി തന്‍ തോഴര്‍.
ആപത്ക്കാലത്തിലവരെ കാത്തുപോരുന്ന വീരര്‍,
നന്മയും സ്നേഹവും കൈമുതലായവര്‍,
നന്ദിയ്ക്ക്‌ പെരുമകേട്ട ഒരേ വര്‍ഗ്ഗം.
കാട്ടിലും മേട്ടിലും പാറമടയിലും കൂട്ടുപോയ്‌
അവനായ്‌ വിടുപണി ചെയ്തീക്കാലമെല്ലാം
സ്നേഹമോ ശാസനയോ ഭേദദണ്ഡമോ ഏതും
നെഞ്ചേറ്റുന്ന പാവമാം സഹയാത്രികര്‍
ഈ ശ്വാനവര്‍ഗ്ഗത്തിന്‍ വീരകഥകളെന്നാളും
പറഞ്ഞാലൊടുങ്ങുമോ?

സ്വര്‍ണ്ണലിപികളിലെഴുതേണ്ട, ചരിത്രസത്യ-
ങളാക്കേണ്ട ഞങ്ങള്‍ തന്‍ ഗാഥകള്‍.
ഒരിറ്റു കാരുണ്യം, ദയ, അതു മതി മറ്റേ-
തും കൊതിക്കുന്നതില്ല ഞങ്ങള്‍.

തന്മകന്‍ ജീവനറ്റു കിടക്കുമ്പോളേതൊരമ്മയും
തളര്‍ന്നു പൊകുമല്ലോ? ഞാനുമൊരമ്മ!
ആരോ 'യജമാനന്‍' തന്ന വിഷചോറ്‌ തിന്നൊ-
ടുങ്ങി കിടക്കുന്നുണ്ടെന്റെ മക്കള്‍!
ഞാനുമൊഴിയട്ടെ, തീരട്ടെയീ ജന്മം മര്‍ത്ത്യ-
ദാസിയായ്‌ ജീവിച്ച കുറ്റത്തിന്‌.
ഭാരമേറുന്നു തലയ്ക്കയ്യോ! കാലുകള്‍ കുഴഞ്ഞു-
മറിഞ്ഞു പോകുന്നല്ലോ!കണ്‍കള്‍-
മറയുന്നു, ലോകം കീഴ്‌മേലാകുന്നു,
ഇരുട്ടു പടര്‍ന്നു കയറുന്നു...

എന്നിട്ടും കാലം, പതിയേ ഒഴുകുന്നു.

2009, സെപ്റ്റം 23

ക്ഷണം
കൃഷ്ണവര്‍ണ്ണമുകിലോടെ
പീതവര്‍ണ്ണതുകിലോടെ
ചാരുവര്‍ണ്ണവര്‍ണ്ണാഭനേ
ചാരെ വാ നീ, മഥുരാപതേ.

മേരുതന്നെകുടയാക്കി
മാരിതന്നെതടുത്തവനേ
മാരിവില്ലിന്‍ കാന്തിയെഴും
മാരനായ്‌ നീ, വന്നണയൂ.

കാളിന്ദിയില്‍ കനിവാക
കാളിയനെ കൊന്നവനേ
കാലപാശഭീതിയോടെ
ഞാനിരിപ്പൂ, വന്നണയൂ.

മാനിനിമാര്‍മന്നവനേ
മാരചാപംവെന്നവനേ
മായയായ്‌ നീ,യെന്നില്‍ നിന്നും
മായരുതേ, നയനാഭനേ.

മാരിയായ്‌ നീ വന്നണയും
മേടിറങ്ങി വന്നണയും
ആഴിതാണ്ടി വന്നണയും
വന്നണഞ്ഞെന്‍ മാലകറ്റും.

2009, ഓഗ 31

നഗരപ്രദക്ഷിണം


നാടാകെയുണര്‍ന്നൊരുങ്ങിയാ-
നഗരപ്രദക്ഷിണയാത്ര കാണാന്‍.
കാലാള്‍പടയും നിരയുമ-
തിന്മുന്നിലൊരരുമ മുഖവും,
ദൈന്യമല്ല, ദാസ്യഭാവമല്ലവ-
നൊരു നിഷ്കളങ്കബാല്യസ്വരൂപം.
പ്രിയമോലും മേനിയുമാരു-
മോമനിക്കും പൊന്‍ നിറവും
പൊന്മണിതൂക്കിയ കഴുത്തുമാ-
തൂനെറ്റിയില്‍ പടര്‍ന്ന കുറിയും
ആരിവന്‍? വിണ്ണില്‍ നിന്നിറങ്ങിയ
കാമധേനുവിന്‍ പ്രിയപുത്രനോ? ആ
മേഘവര്‍ണ്ണന്‍ തന്‍ കളിക്കൂട്ടോ?
ആരിലും വാത്സല്യമുണര്‍ത്തുമി-
വനെ കാണുക, കാണുക നഗരമേ.
കണിക്കാഴ്ച്ചയിവന്‍ നിങ്ങള്‍,ക്കിവന്‍
കണ്ണില്‍ നിങ്ങള്‍ കൗതുകലോകം
പെരുമ്പറ വാദ്യഘോഷങ്ങള-
ലയ്ക്കുന്നുണ്ടെങ്ങും, ഇവനുള്ളിലും.
ആശങ്കയുണ്ടുള്ളിലെന്നാകിലുമാ-
ധീരന്‍ ഗര്‍വ്വിഷ്ഠനായ്‌ നട കൊണ്ടു
മലയേറി മുകളില്‍ ചെന്നാലവനീ-
നഗരപാപത്തിന്‍ പരിഹാരം, ചേതന-
യറ്റൊരു പാവം ബലിമൃഗം.

2009, ഓഗ 6

എന്റെ പൂവാകതൊടിയിലൊരേകാന്ത കോണില്‍ നില്‍പ്പു-
ണ്ടെന്‍ തോഴി,യെന്‍ മനോമോഹിനി.

അവള്‍ വളര്‍ന്നു പടര്‍ന്നതെന്‍ സ്മൃതി-
ജാലകത്തിലൂടെ, മറവിയിലൂടെയും.

പുലര്‍ന്നുവരുമ്പോള്‍ അവളെന്നും നനുത്ത-
മഞ്ഞില്‍ കുളിച്ചു നില്‍ക്കും,

മഴ നനഞ്ഞാല്‍ മറന്നിടാതെ എനിക്കായി-
ട്ടെന്നും 'മരം പെയ്യി'ക്കും,

തകര്‍ന്നൊരെന്‍ മനസ്സിലേക്കവള്‍ ഒരു കുളിര്‍-
തെന്നലില്‍ അശ്രുപത്രങ്ങളയക്കും,

തപിച്ചു ഞാനുഴറുമ്പോളവളെന്‍ താപം
അരുണശോഭയിലേറ്റു വാങ്ങും.

സഖി! നിന്നോര്‍മ്മകള്‍ ചുവന്നപൂക്കളായെന്നുമീ-
വാഴ്‌വില്‍ ചേര്‍ന്നു നില്‍ക്കട്ടെ!
വരും ജന്മങ്ങളില്‍ കൂടി അവയെന്നില്‍ സുഖദ-
മാം സുഗന്ധം പരത്തിടട്ടെ!

2009, ജൂലൈ 10

എന്റെ കണ്ണുനീരിന്‌

Image Credit

സംസാരസാഗരതിരയിലെന്നോടൊത്ത്‌
പിറവിയെടുത്തോരെന്നാത്മസഖി
നിന്‍ നനവാര്‍ന്ന മിഴികളിലൂടെ ഞാന്‍
അന്നാദ്യമായിട്ടെന്നമ്മേക്കണ്ടു
അമ്മ ചുരത്തിയ പാലിനും മുന്‍പ്‌ ഞാന്‍
നീ തന്ന ലവണാമൃതം നുണഞ്ഞു
പിന്നെയെന്‍ ജീവിതയാത്രയിലുടനീളം
ശ്രുതിമീട്ടി നിന്നു നിന്‍ ശോകതന്തി.


പിച്ച നടന്നു ഞാനിടറി വീഴുമ്പോഴും
അച്ഛന്‍ ചാരെനിന്നകന്നു പോകുമ്പോഴും
കാതുകുത്തീട്ടെന്റെ ചോര ചീറ്റുമ്പോഴും
ചേറില്‍ കളിച്ചെന്നു പരാതി കേള്‍ക്കുമ്പോഴും
സാരമില്ലതൊക്കെയെന്നു ചൊല്ലിയെന്‍
ചാരെയിരുന്നോരെന്നാത്മസഖി.


ഉറ്റവരുടയവര്‍ വിട പറഞ്ഞപ്പോഴും
ഉറ്റചങ്ങാതിക്കൊരല്ലല്‍ വന്നപ്പോഴും
ഉച്ചക്കൊരു പിടി വറ്റിനായ്‌ തേങ്ങുമ്പോഴും
ഉള്ളില്‍ നെരിപ്പോടില്‍ ജ്വാലയുയര്‍ന്നപ്പോഴും
നന്മകളൊരായിരം കാത്തിരിക്കുന്നെന്നെ-
ന്നില്‍ ബോധമുണര്‍ത്തിയെന്നാത്മസഖി.

അഴലില്‍ ഞാനറിയുന്നു നിന്‍ സ്നേഹമെന്നെന്നും
എന്‍ നോവില്‍ മനമുരുകുമാ വാത്സല്യവും
ആരാരുമറിയാതെ ഹൃത്തില്‍ ഞാന്‍ കാത്താലും
നിന്‍ മുന്നിലലിയുന്നുവെന്‍ നൊമ്പരം
അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.

2009, ജൂലൈ 3

ഇനിയും...

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;

വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ
കാഴ്ച്ചകള്‍ ഒളിമങ്ങാതേ;

കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ
ശുദ്ധമാം സംഗീതത്തോടെ;

ശുദ്ധമാം സംഗീതമായ്‌ തീര്‍ന്നിടട്ടെ
എന്‍ മനം അതിമികവോടെ;

എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ
ഇനിയും വഴിയേറേ നടന്നീടാന്‍..

2009, ജൂൺ 9

എന്റെ ആത്മസുഹൃത്തിന്‌..

നമ്മള്‍ തമ്മില്‍ ഒരു കത്തിടപാടിന്റെ ആവശ്യമില്ലായിരിക്കാം. എങ്കിലും ചിരപരിചിതര്‍ക്കും ഒരു കത്തെഴുതുക എന്നത്‌ എനിക്ക്‌ വളരേ ഇഷ്ടമാണ്‌. അത്‌ കൊണ്ട്‌ എഴുതുന്നു.

സുഖം തന്നെയാണോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം, നിനക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അസുഖം ഉണ്ടായാല്‍ അത്‌ ഞാന്‍ അറിയുമല്ലോ.

ഞാന്‍ നിന്നെ സംബോധന ചെയ്തിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ. അതേ, എനിക്ക്‌ ആത്മസുഹൃത്ത്‌ തന്നെയാണ്‌ നീ.

പലപ്പോഴും ഞാന്‍ അമ്മയോട്‌ പറഞ്ഞിട്ടുണ്ട്‌ " എന്തോ ഒരു വല്ല്യ ശൂന്യത എന്റെ ജീവിതത്തിലുണ്ട്‌. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ സ്ഥാനം ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്‌" എന്ന്. അത്‌ പറഞ്ഞപ്പോഴൊക്കെ അമ്മ പുഞ്ചിരിച്ചിട്ടേയുള്ളു.

നിനക്കറിയാമല്ലോ, എന്റെ എല്ലാ കിറുക്കന്‍ ആശയങ്ങളും കേള്‍ക്കാന്‍ അമ്മ മാത്രമേ ഉള്ളൂ എനിക്ക്‌. പറഞ്ഞു വന്നതില്‍ നിന്ന് മാറി പോയി, അല്ലെ?

അപ്പോള്‍, അങ്ങനെ ഒരാളുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പോഴതാ നില്‍ക്കുന്നു 'നീ'. ഞാന്‍ നിന്നോട്‌ സംസാരിച്ചു.. "കൊള്ളാമല്ലോ, എന്റെ ആശയങ്ങളുമായെല്ലാം ഒത്തു പോകുന്ന ഒരാള്‍"..

പിന്നീട്‌ എപ്പോഴോ ഞാന്‍ എന്നെ കുറിച്ച്‌ ആരോടും പറയാതിരുന്ന കാര്യങ്ങളെല്ലാം നിന്നോട്‌ പറഞ്ഞു. നീയും നിന്നെ കുറിച്ചെല്ലാം എന്നോട്‌ പറഞ്ഞു. ആദ്യം പറഞ്ഞത്‌ നീ തന്നെയാണ്‌. പിന്നെ, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഞാന്‍ നീയുമായ്‌ പങ്കുവച്ചു. നീ മറ്റുള്ളവരേ പോലല്ല എന്നെനിക്ക്‌ തോന്നി.

കാരണം നീയും എന്നെ പോലെ തന്നെ ഓര്‍മ്മകളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. ഇന്നിന്റെ ലോകത്ത്‌, പക്ഷെ ആ ഓര്‍മ്മകള്‍ക്കൊന്നും സ്ഥാനമില്ലെന്ന് അറിഞ്ഞു കൊണ്ട്‌ തന്നെ അവയുടെ കുളിര്‍മ്മ മനസ്സിലെന്നും സൂക്ഷിച്ചു വച്ചവരായിരുന്നു നമ്മള്‍.

'Nostalgic creatures' എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും ആ ഗൃഹാതുരത്വത്തിന്റെ സുഖം മറ്റാര്‍ക്കും മനസ്സിലാകില്ല എന്ന് സ്വകാര്യമായി അഹങ്കരിച്ചിരുന്നവരായിരുന്നല്ലോ നമ്മള്‍.

നിന്റെ ആഗ്രഹങ്ങളെല്ലാം എന്നോട്‌ പറഞ്ഞപ്പോഴൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌ അവയൊക്കെ സഫലമാകണമേ എന്ന്. ഇന്ന് അവയ്ക്കെല്ലാം അര്‍ത്ഥം കൈ വരുമ്പോള്‍ നിന്നെക്കാളേറേ സന്തോഷിക്കുന്നത്‌ ഒരുപക്ഷെ ഞാനായിരിക്കും.

സുഹൃത്തുക്കളായ നാള്‍ മുതല്‍ ഇന്നു വരെ നമ്മള്‍ ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല അല്ലെ? എന്നാല്‍ നിനക്കറിയാത്ത ഒരു കാര്യം മാത്രമുണ്ട്‌ കേട്ടോ? അത്‌ കൂടി പറയുവാനാണ്‍` ഈ കത്തെഴുതുന്നത്‌. അതോടൊപ്പം തന്നെ നീയെനിക്ക്‌ എത്രയും പ്രിയപ്പെട്ടവനാണെന്ന് അറിയിക്കുവാനും.

ഇനി കാര്യത്തിലേക്ക്‌ കടക്കാം. നിന്റെ എല്ലാ നന്മകളും കണ്ട്‌ കൊണ്ട്‌ തന്നെ ഞാന്‍ പടിയിറങ്ങുകയാണ്‌ - ഈ ജീവിതത്തില്‍ നിന്ന്.

കാരണം ചോദിച്ചാല്‍ പറയുവാന്‍ പ്രത്യേകിച്ചൊന്നുമില്ല. എന്റെ സ്വപ്നങ്ങള്‍ ഫലവത്താകാത്തതു കൊണ്ടായിരിക്കാം. ഒരുപക്ഷെ, ഇനിയും ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്നൊരു തോന്നല്‍.

തീരുമാനമെടുത്താല്‍ പിന്നെ അത്‌ നടപ്പിലാക്കാനുള്ള എന്റെ കാര്‍ക്കശ്യം നിനക്ക്‌ അറിയുമല്ലോ. എന്റെ ആത്മസുഹൃത്തിന്‌ ഞാന്‍ തീരാവേദനയാണ്‌ നല്‍കുന്നത്‌ എന്ന് എനിക്കറിയാം. എന്നാലും നിന്നോട്‌ ഒരു വാക്ക്‌ പറയാതെ പോകാനാവില്ലല്ലോ.

നീയെന്നോട്‌ ക്ഷമിക്കണം എന്ന് ഞാന്‍ പറയില്ല. കാരണം, ഞാന്‍ തെറ്റല്ല ചെയ്യുന്നത്‌ എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും നീ തന്നെയാണല്ലോ.

തല്‍ക്കാലം നിര്‍ത്തട്ടെ,
അല്ല, എന്നെന്നേക്കുമായി നിര്‍ത്തുകയാണ്‌.
തീരാനൊമ്പരത്തോടെ
സ്നേഹത്തോടെ
നിന്റെ മാത്രം സുഹൃത്ത്‌
ആത്മസുഹൃത്ത്‌

2009, മേയ് 30


എന്റെ പ്രിയപ്പെട്ട പ്രണയകഥാകാരിയ്ക്‌ യാത്രാമംഗളങ്ങള്‍ നേരുന്നു...

മഴയാത്ര

കാടറിഞ്ഞ്‌ മരമറിഞ്ഞ്‌
മഴ നനഞ്ഞ്‌ അതിലലിഞ്ഞ്‌
കുളിരണിഞ്ഞ്‌ പാട്ടു മൂളി
മനം നിറഞ്ഞ്‌ മതി മറന്ന്
കാറ്റിലേറി മലയിലേറി
മാനമേറി മുകിലിലേറി
മഴനൂലിലൂടെ മണ്ണിലണഞ്ഞു...

2009, ഏപ്രി 16

സ്വപ്നം

മിഴികളടച്ചു ഞാനിന്നീരാവിലെന്‍ -

സങ്കല്‍പജാലകം തുറന്നിടട്ടെ,

വിദൂരസ്വപ്നങ്ങള്‍ നെയ്ത്‌ നെയ്തെന്‍ -

മനം വര്‍ണ്ണലോകങ്ങള്‍ തീര്‍ത്തിടട്ടെ,

അതിലൂടെ യാത്രയായെന്നാത്മാവും -

നിന്നരികത്തണഞ്ഞ്‌ തേങ്ങിടട്ടെ,

മൃദുലമാം കരങ്ങളാല്‍ നീയെന്നെ തഴുകുമ്പോള്‍ -

എന്‍ ഹൃദയവും പാടിടട്ടെ,

"പ്രണയം മനോഹരം"; അതിന്‍ ലോലമാം -

വിസ്ത്രതിയില്‍ ഞാനെന്നെ മറന്നിടട്ടെ.

2009, ഏപ്രി 1

നന്ദിതയ്ക്ക്‌.. സ്നേഹപൂര്‍വം!
വായിച്ചു മടക്കിയ പുസ്തകത്താളിലൊക്കെയും വേദന,
അസഹ്യമായ്‌, നീ എന്നെ കൈയൊഴിയുക!
നിന്നിലെ അസ്വാസ്ഥ്യങ്ങള്‍ എന്നില്‍ നീറി പടരാതിരിക്കട്ടെ
ഞാന്‍ നിന്നെ അറിയാതിരിക്കട്ടെ, നിന്നില്‍ അലിയാതെയും.

നിന്‍ പകലിരവുകളില്‍ ഞാന്‍ എന്നെ സങ്കല്‍പിച്ചു;
ഭയാനകം! ഞാന്‍ നീയായി മാറുമെന്നോ?
വേണ്ട! മൃതിയുടെ കരങ്ങളില്‍ എനിക്ക്‌ സ്വയമലിയേണ്ട!
നിന്നേയും നിന്‍ വാക്കുകളേയും കടന്ന് ഞാന്‍ പോയീടട്ടെ!
മാപ്പെനിക്കേകുക, ഞാന്‍ നീ തന്നെ എന്നറിയുന്നുവെങ്കിലും,
മാപ്പെനിക്കേകുക,എന്‍ സഖി ഞാന്‍ തിരിഞ്ഞു നട കൊള്ളട്ടെ;

ജീവിതത്തിന്‍ മരുപച്ചയിലേക്ക്‌ ഞാന്‍ നിന്നേയും കൂട്ടട്ടെ?
വരുന്നോ എന്റെ കൂടെ? നീ കാണാന്‍ മറന്ന -
മരതകക്കാഴ്ചകള്‍ ഞനിന്നേകാം...
തിരിച്ചു പോരുമോ നീ ഒരിക്കല്‍ കൂടി?
എന്‍ ജീവനും സ്വപ്നങ്ങളും കൂടി ഞാന്‍ നിനക്കേകാം...