2011 മാർ 4

ഉള്ളുണരാന്‍ !


ഉള്ളലിവെങ്കലുണ്ടാക അഖിലേശ,
ഉള്ളുണര്‍ന്നെന്നുള്ളം തെളിക്ക നീ;
പൊള്ളയാമുള്ളമടര്‍ത്തിയെടുത്തെ  -
ന്നുള്ളം നിന്‍ പോരുളാല്‍ നിറയ്ക്ക നീ 
പരംപോരുളെ!

2011 ഫെബ്രു 9

അഹമേവ വിശ്വതനു!

ഹിമാചലങ്ങള്‍ തന്‍ ശൈത്യനിശ്വാസമായ് ,
ഗുഹാമുഖങ്ങളില്‍ ഉയിര്‍ കൊണ്ട തീര്‍ത്ഥം ,
വരരുദ്ര പ്രയാണമായി, ട്ടെന്നുള്ളിലേ -
ക്കാഞ്ഞു പതിക്കും നവ മുഹൂര്‍ത്തം!

മഹാപ്രവാഹം! എന്‍ സ്വത്ത്വബോധമാ  -
ബ്രഹ്മചിത്തത്തിലലിയിച്ചു  ചേര്‍ക്കാന്‍;
മന്വന്തരങ്ങള്‍  താണ്ടി, മുജ്ജന്മ ഗഗന-
വീഥികള്‍ കടന്നു വരും ഗംഭീര ശംഖനാദം!

എന്നിലാത്മസംപ്രീതനായ്  അഭൗമതേജസ്സായ്
ദേവന്‍ തൃക്കണ്ണാല്‍ ജ്വലിപ്പിച്ചുണര്‍ത്തും  മഹാദീപം ;
എന്നുള്ളിലെന്നെന്നുമണയാ,തെരിയുമ്പോള്‍ -
ഞാന്‍ ലോകൈകനാഥന്‍ തന്‍ വിശ്വതനു !

2011 ഫെബ്രു 4

പടുവൃക്ഷപ്പാട്ട്


ഞാനൊരു പടുവൃക്ഷം;
ഏറെ നാളായ് വീഴാനോരുങ്ങും വൃക്ഷം;
പാടാനെനിക്കൊരു കഥയുണ്ട്,
മടിയിലിരുത്തി ചോല്ലുവനൊരു മോഹമുണ്ട്,
ജീര്‍ണ്ണദേഹത്തിനതിനാവതില്ലെങ്കിലും-
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

പണ്ട് നിന്‍ പൂര്‍വ്വസൂരികള്‍,
പൂജിച്ചാരാധിച്ചവര്‍ ഞങ്ങള്‍;
"ഞാന്‍ മുടിഞ്ഞാല്‍ നീ നശിക്കും" -
എന്നവര്‍ പണ്ടേ എഴുതി വച്ചു വചനം -
നിന്‍ ജൈവതാളമാം പ്രമാണം,
അവ നീയെന്നെങ്കിലും കേട്ടതുണ്ടോ മകനെ?

ആരാധിച്ചവ,രാരാമാമാക്കി കൊണ്ടും,
പിന്നാലെ വന്നവര്‍ കണ്ണീരണിയിച്ചു കൊണ്ടും,
നിന്‍ കൂട്ടര്‍ കൊന്നു തിന്നു കൊണ്ടും,
തീര്‍ത്തൊരു കദനകഥയാണെന്നുള്ളില്‍!
വിങ്ങുമലിവോലുമീ ഗീതിക -
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

നിനക്കു തണലേകിടാം ഞാന്‍,
നിന്‍ വീണയാകാം മുരളിയാകാം, മണി-
ഹര്‍മ്മ്യങ്ങള്‍ക്കും ചാരുതയേകാം,
നിന്നെ താരാട്ട് ചൊല്ലിയുറക്കാം,
നിന്നാത്മാമോക്ഷത്തിന്നായ് നിന്നോടെരിയാം!
നീ എന്നു വരും എന്‍ മകനെ?

കാലം കാത്തു വയ്ക്കുന്നു ഞങ്ങളെ,
കാതങ്ങളകലെ നീ പോവതെന്തു മകനെ?
ഉദകക്രിയകള്‍ കൂടി ചെയ്യൂ, നിന്‍-
പ്രപിതാവിന്‍ ഗാഥ കൂടി എരിയട്ടെ!
മണ്ണിതില്‍ മുളക്കാതിരിക്കട്ടെ വീണ്ടും!
അതിനായ് നീ എന്നു വരും മകനെ?

2011 ജനു 29

വിലങ്ങ്

കൂട്ടുപ്രതിയായ യുവാവ്‌ തന്റെ കൈവിലങ്ങ് ഒളിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തിക്കൊണ്ടിരുന്നു. ബസ്സില്‍ ഇരിക്കുന്നവര്‍ക്കെല്ലാം കാണാന്‍ പാകത്തിന് മുന്‍വശത്താണ് നില്‍പ്പ്. ഏതെങ്കിലും സീറ്റ്‌ ഒഴിഞ്ഞിരുന്നെങ്കില്‍... ഈ വിലങ്ങ് ആരും കാണാതെയിരിക്കുമായിരുന്നു. ഏതു നേരത്താണോ?

കൂട്ടുപ്രതിയായ മധ്യവയസ്ക്കന്‍ തന്റെ കൈവിലങ്ങ് പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞു : "ഡ്രൈവര്‍ സാറേ, നിങ്ങള്‍ക്കറിയാമോ.. ഞാനും നിങ്ങളെ പോലെ ആയിരുന്നു.. സര്‍ക്കാര്‍ ജീവനക്കാരന്‍.. എന്നിട്ടും എന്റെ കയ്യില്‍ വിലങ്ങ് വീണു.. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഞാനും നിങ്ങളെ പോലെ ആയിരുന്നു.. എന്നിട്ടും.." ഡ്രൈവര്‍ അയാളെ നോക്കി മന്ദഹസിച്ചു. അതോടെ അയാള്‍ തിരിച്ചറിഞ്ഞു; ആ കൈവിലങ്ങ് തന്റെ സത്യങ്ങള്‍ക്ക് മീതെയും വീണു കഴിഞ്ഞെന്ന്..

2010 സെപ്റ്റം 25

കൃഷ്ണം സര്‍വ്വം

കൃഷ്ണം സര്‍വ്വം
                          ജഗന്മോഹനം
ഹൃദയകൌസ്തുഭം
                        വജ്രശോഭിതം
വേണൂനാദം പരം
                             ആനന്ദചിന്മയം
നീലപക്ഷീരൂപം 
                            പൂജിതം പാദം
ശ്രീസ്മിതം വിലോലം 
                         ആനന്ദനടനം
ലാസം പൂര്‍ണ്ണം 
                              രസ രാസപൂര്‍ണ്ണം
പരം പുണ്യം
                              ഇദം മധുരദര്‍ശനം
കൃഷ്ണം സര്‍വ്വം 
                               സര്‍വ്വാംഗം കൃഷ്ണം
കൃഷ്ണവര്‍ണ്ണലയനം 
                                മോഹം മുക്തിമാര്‍ഗ്ഗം.

2010 സെപ്റ്റം 12

നമ്മുടെ കാഴ്ച്ചകള്‍


പഴങ്കാഴ്ച്ചകള്‍ മാറാന്‍,
വെയില്‍ വരാന്‍,
പുതുനാമ്പുകള്‍ തളിരിടാന്‍,
കാടുകള്‍ വെട്ടി.

പുതുക്കാഴ്ച്ചകള്‍ മറയ്ക്കാന്‍,
അതിരുകള്‍ ഉറപ്പിക്കാന്‍,
ആനന്ദം തന്നെ, താനേ അനുഭവിക്കാന്‍,
മതിലുകളും കെട്ടി.

കാഴ്ച്ചകള്‍ എല്ലാം മാഞ്ഞു കഴിഞ്ഞു,
ആരവങ്ങളൊക്കെ ഒഴിഞ്ഞു പോയി,
ഋതുക്കള്‍ക്ക്  എന്നോ കാലം തെറ്റി,
നാം മാത്രം, ഇതൊന്നുമറിയാതെ...
ഇന്നും ജീവിച്ചിരിക്കുന്നു.

2010 ജൂൺ 25

അഭേദാശ്രമം


തിരുനാമമന്ത്രം ജപിക്കും മനസ്സിൻ-
മഹാപുണ്യമേറ്റു വിളങ്ങുന്ന ഭൂമി.

മഹാദീപമേന്തി മഹാമായ നില്പ്പൂ,
ശ്രുതി മീട്ടി നില്പ്പൂ ഋഷീ നാരദൻ താൻ.

തവ നാമധാര അനുസ്യൂതമെന്നും-
ഒഴുകി പരന്നീ ജഗത്തിൽ ലയിപ്പൂ.

അഭേദാശ്രമം താൻ ഇതിൻ കാന്തിയെന്നും
മനശ്ശാന്തി സാക്ഷാത് ഗുരുവിൻ പുരിയിൽ.

ഗുരുവായ്, മകനായ് പിറന്നോരു ദേഹം
കനിവായ് കദളിപഴം നീട്ടി നില്പ്പൂ.

തവ പ്രേമഭാവാൽ അമൃതം നുക‍ർന്നു-
ചിരം കാത്തുനില്പ്പുണ്ടൊരു ഗോപീരത്നം.

വിനായകൻ, അഞ്ജനാപുത്രനും പിന്നെ-
സദാനന്ദമൂ‍ർത്തി, മയിൽവാഹനനും-

അരുളുന്നു വേദഭഗവാനും കൂടെ-
വിളങ്ങുന്നു വീണാവാദിനീ മാതാ.

ജഗത്രയത്തിന്നും പൊരുളായ മന്ത്രം-
ചിരം പാടുമാശ്രമം തവപാദനടയിൽ-

അഭേദം, ഈ വാടിയിൽ നിന്നാത്മമന്ത്രം,
ചിദാനന്ദമന്ത്രം സദാ ഞാൻ സ്മരിപ്പൂ.