2023, സെപ്റ്റം 14

പ്രണാമം

കർക്കിടകത്തിൽ പെയ്യാത്ത മഴയെല്ലാം ചിങ്ങത്തിൽ ഓണം കഴിഞ്ഞ് പെയ്യാൻ തുടങ്ങിയിരുന്നു.ഇത് തന്നെയാണ് ശരിയായ സമയം! ഇത് സത്യമാമന്‌ വേണ്ടിയുള്ള പെയ്ത്താണ് . അദ്ദേഹത്തിന്റെ വിടപറച്ചിലിന് താളഭംഗിയേകാൻ, മിഴിവേകാൻ വന്ന മഴയാണ്. 

 അങ്ങനെ ആ പർവ്വം കഴിഞ്ഞു. ഇഹത്തിലും പരത്തിലും സ്വന്തം സുഖം തിരയാത്ത മനുഷ്യൻ.അമ്മനത്ത് വീടിന്റെ അച്ചുതണ്ട്. കോയിൽമുക്കിലേക്കുള്ള കുടുംബത്തിന്റെ ദൂരദർശിനി. ഇന്നും ആ മണ്ണിലെ ഓർമകൾക്ക് നനവൂറാൻ കാരണം സത്യമാമൻ തന്നെയാണ്. 

 എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സന്ദർശിക്കുകയും ഫോൺ ചെയ്യുകയും വേണം എന്ന നിരന്തരം ഓർമിപ്പിക്കുന്ന വഴികാട്ടി. "ഇതൊക്കെ ഉള്ളൂ നമുക്ക്, ഈ ബന്ധങ്ങൾ!" എന്ന്‌ ഓർമ്മക്കുറവിൽ പോലും ഉരിയാടിയിരുന്ന നാവ്. അത് നിലച്ചു. പൂർണ്ണമായി ജ്വലിച്ച്; തൊടുന്നവരിലെല്ലാം സ്നേഹം നിറച്ച്; എല്ലാവർക്കും എന്നും നല്ലത് വരാൻ മാത്രം പ്രാർത്ഥിച്ച് ആ തിരി വിളക്കിനുള്ളിലേക്ക് തന്നെ വിട വാങ്ങി. 

 എന്റെ മോഹം, എന്റെ ആഗ്രഹങ്ങൾ എന്നൊരിക്കലും പറഞ്ഞു കേട്ടിട്ടില്ല. തന്നാലാവും വിധം എല്ലാവരെയും സഹായിച്ച്, സാന്ത്വനിപ്പിച്ച് ജീവിച്ച മനുഷ്യൻ. 

 ഓർമ്മയില്ലാക്കയങ്ങളിലേക്ക് മനസ്സ് ഇറങ്ങി പോകുമ്പോഴും "കോയിൽമുക്കിൽ ഒന്ന് പോകണം, എല്ലാവരേയും ഒന്ന് കാണണം." എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഒരു മറവി രോഗത്തിനും മായ്ക്കാൻ പറ്റാത്ത വിധം അഭേദ്യമായിരുന്ന ബന്ധമായിരുന്നു അത്. ഞങ്ങൾക്ക് എന്നുമെന്നും ജീവദർശനം നൽകുന്ന വഴികാട്ടി. മനുഷ്യബന്ധങ്ങളോട് മാത്രം ആസക്തി ഉണ്ടായിരുന്ന ജീവചൈതന്യം. ആ ചൈതന്യം ഒരിക്കലും കെടാതെ ഞങ്ങളിൽ നിറയട്ടെ. 

 കെടാവിളക്ക് പോലെ എന്നും കുടുംബത്തിന് വഴികാട്ടിയായി ആ ദീപം പ്രഭ ചൊരിയട്ടെ! 

പ്രണാമം അർപ്പിക്കാൻ മാത്രമേ ഞങ്ങൾക്കിനി അവകാശമുള്ളൂ. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ , 

 ചിന്നു.

അഭിപ്രായങ്ങളൊന്നുമില്ല: