2009, ഓഗ 31
നഗരപ്രദക്ഷിണം
നാടാകെയുണര്‍ന്നൊരുങ്ങിയാ-
നഗരപ്രദക്ഷിണയാത്ര കാണാന്‍.
കാലാള്‍പടയും നിരയുമ-
തിന്മുന്നിലൊരരുമ മുഖവും,
ദൈന്യമല്ല, ദാസ്യഭാവമല്ലവ-
നൊരു നിഷ്കളങ്കബാല്യസ്വരൂപം.
പ്രിയമോലും മേനിയുമാരു-
മോമനിക്കും പൊന്‍ നിറവും
പൊന്മണിതൂക്കിയ കഴുത്തുമാ-
തൂനെറ്റിയില്‍ പടര്‍ന്ന കുറിയും
ആരിവന്‍? വിണ്ണില്‍ നിന്നിറങ്ങിയ
കാമധേനുവിന്‍ പ്രിയപുത്രനോ? ആ
മേഘവര്‍ണ്ണന്‍ തന്‍ കളിക്കൂട്ടോ?
ആരിലും വാത്സല്യമുണര്‍ത്തുമി-
വനെ കാണുക, കാണുക നഗരമേ.
കണിക്കാഴ്ച്ചയിവന്‍ നിങ്ങള്‍,ക്കിവന്‍
കണ്ണില്‍ നിങ്ങള്‍ കൗതുകലോകം
പെരുമ്പറ വാദ്യഘോഷങ്ങള-
ലയ്ക്കുന്നുണ്ടെങ്ങും, ഇവനുള്ളിലും.
ആശങ്കയുണ്ടുള്ളിലെന്നാകിലുമാ-
ധീരന്‍ ഗര്‍വ്വിഷ്ഠനായ് നട കൊണ്ടു
മലയേറി മുകളില്‍ ചെന്നാലവനീ-
നഗരപാപത്തിന്‍ പരിഹാരം, ചേതന-
യറ്റൊരു പാവം ബലിമൃഗം.
2009, ഓഗ 6
എന്റെ പൂവാക

തൊടിയിലൊരേകാന്ത കോണില്‍ നില്‍പ്പു-
ണ്ടെന്‍ തോഴി,യെന്‍ മനോമോഹിനി.
അവള്‍ വളര്‍ന്നു പടര്‍ന്നതെന്‍ സ്മൃതി-
ജാലകത്തിലൂടെ, മറവിയിലൂടെയും.
പുലര്‍ന്നുവരുമ്പോള്‍ അവളെന്നും നനുത്ത-
മഞ്ഞില്‍ കുളിച്ചു നില്‍ക്കും,
മഴ നനഞ്ഞാല്‍ മറന്നിടാതെ എനിക്കായി-
ട്ടെന്നും 'മരം പെയ്യി'ക്കും,
തകര്‍ന്നൊരെന്‍ മനസ്സിലേക്കവള്‍ ഒരു കുളിര്‍-
തെന്നലില്‍ അശ്രുപത്രങ്ങളയക്കും,
തപിച്ചു ഞാനുഴറുമ്പോളവളെന്‍ താപം
അരുണശോഭയിലേറ്റു വാങ്ങും.
സഖി! നിന്നോര്‍മ്മകള്‍ ചുവന്നപൂക്കളായെന്നുമീ-
വാഴ്‌വില്‍ ചേര്‍ന്നു നില്‍ക്കട്ടെ!
വരും ജന്മങ്ങളില്‍ കൂടി അവയെന്നില്‍ സുഖദ-
മാം സുഗന്ധം പരത്തിടട്ടെ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)