ഒരു ദശാബ്ദത്തിനപ്പുറമാണ്.. അച്ഛനും എൻ്റെ കണവനും കൂടി ഈ രഥം എനിക്ക് വേണ്ടി ഉറപ്പിക്കുന്നത്. അന്ന് തൊട്ടിന്ന് വരെ എൻ്റെ സുഖങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയായ സഖി.
വൈക്കം-ആലപ്പുഴ റൂട്ടിൽ 8-9 മണി സമയത്ത് സ്കൂൾ വണ്ടികൾ മന്ദഗതിയിലായിട്ടുണ്ടെങ്കിൽ അതിന് ഞങ്ങൾ ആണ് കാരണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങൾ ഇഴഞ്ഞ് ഇഴഞ്ഞ് പോകും. ഒരു, ഒരു മാസം അങ്ങനെ ആയിരുന്നു. പിന്നീട് കൊച്ചിനെ റെഡി ആക്കി അമ്മയെ ഏൽപ്പിച്ച് 8 മണിക്ക് പകുതി കുളിച്ച പാടെ എന്നെ ആലപ്പുഴയിൽ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു എൻ്റെ സഖി... മണ്ണഞ്ചേരി മുഹമ്മ റൂട്ട് ഞാൻ ശരിക്ക് കാണാറില്ല .. ആ സമയം ഞങൾ ഷൂമാക്കർ ആകും.
9 മണിയോടെ എന്നെ പുന്നപ്ര കോളജ് കവാടത്തിൽ എത്തിക്കുക എന്നതാണ് നിബന്ധന. അതിപ്പോൾ 8:10- നു ഇറങ്ങിയാലും ഞങൾ 9 മണിക്ക് കവാടത്തിൽ ഹാജർ!
ഒരിക്കൽ മാത്രം ഞങ്ങൾക്ക് ചെറുതായി ഒന്ന് പിഴച്ചു. ഓടി പിടിച്ച് എത്തിയപ്പോൾ പ്രിൻസിപ്പാൾ attendance register എടുത്ത് മാറ്റി. നേരിൽ കണ്ട് സംസാരിച്ചപ്പോൾ ചിലർക്കു മാത്രമായി attendance time മാറ്റാൻ കഴിയില്ല എന്ന് കൃത്യമായി പറഞ്ഞു തന്നു. ശരിയാണ്. തെറ്റ് ഞങ്ങളുടെ ഭാഗത്ത് തന്നെ. Half day ലീവ് ആക്കി.
കാര്യം അവളോടും പറഞ്ഞു. ലീവിന് ഏറ്റവും വിലയേറിയ കാലം. വീട്ടിലെ ചെറിയ കുഞ്ഞിനും വലിയ അമ്മക്കും അസുഖം വന്നാൽ leave എടുക്കാതെ തരമില്ല. അവൾക്ക് കാര്യം മനസ്സിലായി. പിന്നീട് ഒരിക്കൽ പോലും എനിക്ക് half day leave പോകാതെ അവള് കാത്തു.
തുടരും...