2022, ഓഗ 2

ആനന്ദം!

 


എത്ര വിദൂരതയിൽ നിന്നാണ് അങ്ങ് എപ്പോഴും എൻ്റെ സമീപത്തേക്ക് എത്തുന്നത്? എനിക്കറിയില്ല!


പ്രഭാത സൂര്യനും രാത്രി താരകങ്ങൾക്കും അവിടുത്തെ എന്നിൽ നിന്ന് ഒളിപ്പിച്ചു നിർത്താനാവില്ല!


എത്രയോ രാപകലുകൾ ഞാൻ അവിടുത്തെ പദസ്വനം കേട്ടിരിക്കുന്നു; അവിടുത്തെ പ്രവാചകന്മാർ എൻ്റെ ഹൃദയത്തിനുള്ളിൽ കടന്ന് എന്നെ രഹസ്യമായി വിളിച്ചിരിക്കുന്നു!


ഇന്നെന്തു കൊണ്ടോ എൻ്റെ  ജീവൻ അത്യുത്സാഹത്തിലാണ്, ഹൃദയം പരമാനന്ദത്തിലും!


എൻ്റെ ജോലികളെല്ലാം തീർത്ത് മടങ്ങുവാൻ നേരമായെന്ന് തോന്നുന്നു; അന്തരീക്ഷത്തിലെങ്ങും അങ്ങയുടെ സാമീപ്യത്തിൻ്റെ നറുമണം!


- ഗീതാഞ്ജലീ  (XLVI)


 

2022, ജനു 13

നിത്യസത്യം

 




സൂര്യൻ ഉദിക്കുന്നത് കാണാതെ പുലരി തെളിയുന്നത് അറിയുന്നു.


അത്, യാതൊരു ദൃഷ്ടാന്തങ്ങളും ആവശ്യമില്ലാതെ സത്യത്തെ അറിയുന്നത് പോലെയാണ്.


സത്യം ഹൃദയത്തിൽ കുടികൊള്ളുന്നു.. മനസ്സിന് ആ സ്ഥാനം എന്നും അപ്രാപ്യമാണ്!

2022, ജനു 5

അഷിത


 അഷിത! എപ്പോഴോ ഉള്ളിൽ ഒളിച്ചിരുന്നൊരു പേര് മാത്രമായിരുന്നു.


എപ്പോഴോ വായിച്ച ചെറുകഥകൾ മാത്രം - അവ മാത്രമായിരുന്നു ഏക പരിചയം!


പിന്നീട് മാതൃഭൂമിയിൽ തുടർച്ച വന്ന അഭിമുഖം - ഓടി തീർത്ത ദിവസങ്ങൾക്കിടയിൽ എപ്പോഴൊക്കെയോ മിന്നി മാഞ്ഞു പോയി.


' അഷിത പോയി ' എന്ന വാർത്ത അറിഞ്ഞപ്പോഴും ഒരു ചെറു നൊമ്പരം - അവരുടെ ഫോട്ടോകൾക്ക് അമ്മയുടെ മുഖസാമ്യം ഉള്ളത് കൊണ്ടാണോ എന്നും അറിയില്ല.


അത് ഞാനായിരുന്നു - വായനശാലയിൽ നിന്ന് എടുക്കുമ്പോഴും കരുതിയില്ല, അവരെന്നിൽ ഇങ്ങനെ വന്ന് നിറയുമെന്ന്... 


ഇന്ന് അഷിത എനിക്ക് കൗതുകമുണർത്തുന്ന ഒരു പേര് മാത്രമല്ല. മറിച്ച്, ഒരുപാട് സമസ്യകൾക്കുള്ള ഉത്തരം കൂടിയാണ്. ഉള്ളിൽ എവിടെയോ കൂട് കൂട്ടി ഇരിക്കുന്ന ആ ആത്മാവിനോട് താദാത്മ്യം പ്രാപിച്ചേക്കുമോ എന്നും ഒരു സംശയം!


എല്ലാം നല്ലതിനാകട്ടെ; നല്ലതിനാകും!