2017, ഓഗ 8

ഭ്രാന്തി

"ഭ്രാന്തീ "; ആരും കേൾക്കാതെ ,
ഉച്ചത്തിൽ എന്നെ തന്നെ വിളിച്ചു : "ഭ്രാന്തീ "

മഴ കണ്ടാലാർത്തു ചിരിക്കുന്നവൾ;
ചിലപ്പോൾ ഓർത്തു കരയുന്നവൾ

ഏകാന്തതയിൽ അഭിരമിക്കുന്നവൾ;
ചിലപ്പോൾ തനിയെ ഭയക്കുന്നവൾ

മാനം നോക്കി അലഞ്ഞു നടക്കുന്നവൾ ;
ചിലപ്പോൾ ഒഴിഞ്ഞുമാറുന്നവൾ :

"ഭ്രാന്തി!"

നിറങ്ങളെല്ലാം അകലെയാക്കി ,
മഴവില്ല് തീർക്കുന്നവൾ

ഉയർന്ന വാനിൽ പറന്ന തൻ്റെ
ചിറക് കെട്ടുന്നവൾ

മനം നിറഞ്ഞ മിഴിവുകൾക്കെല്ലാം
വിലക്ക് തീർക്കുന്നവൾ :

"ഭ്രാന്തി!"

"ഭ്രാന്തീ "; ആരും കേൾക്കാതെ ,
ഉച്ചത്തിൽ എന്നെ തന്നെ വിളിച്ചു : "ഭ്രാന്തീ "

ചുറ്റും ആകെ ഉഴറി നോക്കി,
ആരും അരികിലില്ലല്ലോ;

ഉച്ചത്തിൽ ഉച്ചത്തിൽ കരഞ്ഞു നോക്കി,
ആരും കേൾക്കാനില്ലല്ലോ;

ആർത്തു പെയ്ത മഴയിലൂടെ അലി-
ഞ്ഞലിഞ്ഞു പോയ്

ആരുമാരും കേൾക്കാതറിയാതെ -
ആ ഭ്രാന്തിൻ നിലവിളികൾ!