പണ്ട് പണ്ട്.. എന്നു വച്ചാൽ വളരെ പണ്ട്.. ഒരു കിനാവ്
കാണുമായിരുന്നു. കിനാവ് എന്താണെന്നു വച്ചാൽ : പഠിത്തമൊക്കെ കഴിഞ്ഞ് ഒരു
ഉദ്യോഗസ്ഥയാകും. അപ്പോൾ അങ്ങകലെ, എല്ലാവരിൽ നിന്നും; എന്നു വച്ചാൽ
അറിയാവുന്ന എല്ലാവരിൽ നിന്നും അകലെ, അവിടെയാണ് ഉദ്യോഗം. അവിടെ ഒരു മുറി.
ഒരു മേശ, ഒരു കസേര , ഒരു കട്ടിൽ. പിന്നെ പുസ്തകങ്ങൾ. കഴിഞ്ഞു !
സ്ഥാവരജംഗമമെല്ലാം.. അപ്പോൾ അങ്ങനെയാണ്, അങ്ങകലെ പ്രകൃതിരമണീയത കളിയാടുന്ന
ഒരിടത്ത്: മനുഷ്യരെ അകറ്റി നിർത്തി, പുസ്തകങ്ങളുമായി ഒരു ജീവിതം. ഇതൊരു
കിനാവായിരുന്നു.
കാലം മാറി. കിനാവ് കനവായ് തുടർന്നില്ല. അതായത്
സ്വപ്നസാക്ഷാത്കാരമായി. ഉദ്യോഗം കോളേജധ്യാപിക. ഇടം കാസർഗോഡ് ജില്ലയിലെ
ചീമേനി. ആരും അത്ര പെട്ടെന്ന് തേടി വരില്ല. അവിടെ മനുഷ്യത്വം നിറഞ്ഞിടത്ത്
ഒരു ബാൽക്കണി. ബാൽക്കണിയിൽ ഒരു മുറി. മുറിയിൽ മേൽപറഞ്ഞ
സ്ഥാവരജംഗമം.വെളുപ്പാൻകാലത്ത് കിളികളുടെ കൊഞ്ചലും നറുംമഞ്ഞും, വൈകുന്നേരം
ചൂളം കുത്തിവരുന്ന തണുത്തകാറ്റും, പോരേ? ആകപ്പാടെ സ്വപ്നസുന്ദരസുരഭില ജീവിതം.
പക്ഷെ കിനാവ് നേരായി വന്നപ്പോൾ പടച്ചവൻ ഒരു പറ്റു
പറ്റിച്ചു.എന്നെ കെട്ടു കെട്ടിച്ചു. എന്നു വച്ചാൽ കെട്ടിച്ചു വിട്ടു.
പ്രാരാബ്ധക്കാരിയാക്കി! ഇല്ലെങ്കിൽ ഈ വനവാസത്തിൽ തന്നെ സന്ന്യാസം
സ്വീകരിച്ച് മോക്ഷപദം പ്രാപിച്ചെങ്കിലോ എന്നു കരുതിയായിരിക്കണം. കനവ്
യാഥാർത്ഥ്യമായി, എന്നാൽ ഈ കനവ് അധികകാലം നീളല്ലേ എന്ന് പ്രാർത്ഥിച്ചു
പോകുന്നു.
ഇതാണ് എന്ടെ പടച്ചോൻ. എല്ലാ ബാക്ഗ്രൗണ്ട് വർക്കും നടത്തിയ ശേഷമേ എന്നെ കളത്തിലിറക്കൂ. നിനക്കു നമോവാകം!
(കടപ്പാട് : ശിങ്കിടിമുങ്കൻ )
അടിക്കുറിപ്പ് : കനവ് അധികകാലം നീണ്ടില്ല ! ഒരു കൊല്ലം കഴിഞ്ഞ് പ്രാരാബ്ധങ്ങളിലേക്ക് തിരിച്ചെത്തി.