2010, സെപ്റ്റം 25

കൃഷ്ണം സര്‍വ്വം

കൃഷ്ണം സര്‍വ്വം
                          ജഗന്മോഹനം
ഹൃദയകൌസ്തുഭം
                        വജ്രശോഭിതം
വേണൂനാദം പരം
                             ആനന്ദചിന്മയം
നീലപക്ഷീരൂപം 
                            പൂജിതം പാദം
ശ്രീസ്മിതം വിലോലം 
                         ആനന്ദനടനം
ലാസം പൂര്‍ണ്ണം 
                              രസ രാസപൂര്‍ണ്ണം
പരം പുണ്യം
                              ഇദം മധുരദര്‍ശനം
കൃഷ്ണം സര്‍വ്വം 
                               സര്‍വ്വാംഗം കൃഷ്ണം
കൃഷ്ണവര്‍ണ്ണലയനം 
                                മോഹം മുക്തിമാര്‍ഗ്ഗം.

2010, സെപ്റ്റം 12

നമ്മുടെ കാഴ്ച്ചകള്‍


പഴങ്കാഴ്ച്ചകള്‍ മാറാന്‍,
വെയില്‍ വരാന്‍,
പുതുനാമ്പുകള്‍ തളിരിടാന്‍,
കാടുകള്‍ വെട്ടി.

പുതുക്കാഴ്ച്ചകള്‍ മറയ്ക്കാന്‍,
അതിരുകള്‍ ഉറപ്പിക്കാന്‍,
ആനന്ദം തന്നെ, താനേ അനുഭവിക്കാന്‍,
മതിലുകളും കെട്ടി.

കാഴ്ച്ചകള്‍ എല്ലാം മാഞ്ഞു കഴിഞ്ഞു,
ആരവങ്ങളൊക്കെ ഒഴിഞ്ഞു പോയി,
ഋതുക്കള്‍ക്ക്  എന്നോ കാലം തെറ്റി,
നാം മാത്രം, ഇതൊന്നുമറിയാതെ...
ഇന്നും ജീവിച്ചിരിക്കുന്നു.

2010, ജൂൺ 25

അഭേദാശ്രമം


തിരുനാമമന്ത്രം ജപിക്കും മനസ്സിൻ-
മഹാപുണ്യമേറ്റു വിളങ്ങുന്ന ഭൂമി.

മഹാദീപമേന്തി മഹാമായ നില്പ്പൂ,
ശ്രുതി മീട്ടി നില്പ്പൂ ഋഷീ നാരദൻ താൻ.

തവ നാമധാര അനുസ്യൂതമെന്നും-
ഒഴുകി പരന്നീ ജഗത്തിൽ ലയിപ്പൂ.

അഭേദാശ്രമം താൻ ഇതിൻ കാന്തിയെന്നും
മനശ്ശാന്തി സാക്ഷാത് ഗുരുവിൻ പുരിയിൽ.

ഗുരുവായ്, മകനായ് പിറന്നോരു ദേഹം
കനിവായ് കദളിപഴം നീട്ടി നില്പ്പൂ.

തവ പ്രേമഭാവാൽ അമൃതം നുക‍ർന്നു-
ചിരം കാത്തുനില്പ്പുണ്ടൊരു ഗോപീരത്നം.

വിനായകൻ, അഞ്ജനാപുത്രനും പിന്നെ-
സദാനന്ദമൂ‍ർത്തി, മയിൽവാഹനനും-

അരുളുന്നു വേദഭഗവാനും കൂടെ-
വിളങ്ങുന്നു വീണാവാദിനീ മാതാ.

ജഗത്രയത്തിന്നും പൊരുളായ മന്ത്രം-
ചിരം പാടുമാശ്രമം തവപാദനടയിൽ-

അഭേദം, ഈ വാടിയിൽ നിന്നാത്മമന്ത്രം,
ചിദാനന്ദമന്ത്രം സദാ ഞാൻ സ്മരിപ്പൂ.

2010, മേയ് 26

പ്രണയമായ്.. മഴ !

മഴ! എന്റെ മനതാരിലും മഴ-
യിന്നാകെ പെയ്തു തോര്‍ന്നീടുന്നു!
മഴ നനഞ്ഞീറനാം  തെന്നലായ് നീ-
യിന്നെന്നെ പ്രണയിനിയാക്കീടുന്നുവോ?

മഴ തന്‍ നേര്‍ത്ത രാഗത്തിനായെന്നും
കാതോര്ത്തിരുന്നവള്‍ ഞാനി,ന്നീ-
മഴയിലും കാത്തിരുന്നത് നിന്നുടെ
ശ്രുതിമധുരവേണുഗാനത്തിനായിട്ടോ? 

മഴ വന്നു ചേരുമാ പുഴയിലെ ഓളങ്ങള്‍
കണ്ടിരുന്നെന്നും ഞാന്‍, ഇന്നീ പുഴ-
യിലെ പോലെന്നാത്മാവിലും നിന്‍
രാഗം അലകള്‍ തീര്‍ക്കുന്നുവോ?

മഴ പെയ്ത്  തോരുമീ സായന്തനത്തിലി-
ന്നെന്നുള്ളിലൊന്നേ മോഹം-
'നിന്നാര്‍ദ്രമാം ആത്മാവിലും ഞാ-
നിന്ന്‍ മഴയായ് പെയ്തിരുന്നെങ്കില്‍!'

2010, മേയ് 25

പരമാനന്ദം

മരണം എന്ന സത്യത്തിലേക്ക് ഉറച്ച കാലടികളോടെ നടന്നു ചെല്ലണം. മരണം ഒരു സ്ഥാനാരോഹണം ആണ്. ഇഹത്തില്‍ നിന്ന്‍ പരത്തിലേക്ക്. നിതാന്തമായ നിര്‍വൃതിയിലേക്ക്. സ്വച്ഛമായ മനസ്സോടു കൂടി ആ മഹാമണ്ഡപം ഏറണം. എല്ലാ കെട്ടുപാടുകളും വിട്ടു മടക്കയാത്ര. എന്തെല്ലാമില്‍ നിന്ന് വന്നുവോ അതിലേക്കെല്ലാം. അനശ്വരമായ എല്ലാറ്റിനോടും വിലയം പ്രാപിച്ചു ശാശ്വതസത്യമായി തീരാന്‍.

അകലങ്ങള്‍


ഞാന്‍: നീയെന്താ കാണുന്നത്? 

നീ: നമുക്കിടയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമി.

ഞാ: സുതാര്യമായ ഈ മനസ്സിലൂടെ നോക്ക്. ഇപ്പോഴോ? മരുഭൂമിയുടെ അതിരുകള്‍ കവിഞ്ഞൊഴുകുന്ന അരുവികള്‍ ഒന്നുചേരുന്നത് കാണുന്നില്ലേ?

നീ: നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ?

ഞാ: അന്യതയുടെ കെട്ടുകള്‍ അഴിക്കൂ. എന്നിട്ട് ആ നന്മ നിറഞ്ഞ കണ്ണുകളിലൂടെ നോക്കൂ. ഇപ്പോഴോ? അന്ധതയുടെ മൂടുപടം നീങ്ങുമ്പോള്‍ നിറയുന്ന തെളിമ നീ കാണുന്നില്ലേ?

നീ: നമുക്കിടയിലെ ദൂരങ്ങള്‍...

ഞാ: ഒപ്പം ഒരിറ്റ് സ്നേഹവും കരുതലും കൂടി കരുതിക്കോളൂ. ഇപ്പോഴും നമുക്കിടയില്‍ ദൂരങ്ങള്‍ കാണുന്നോ?

നീ: ഇല്ല..

 ഞാ: പിന്നെ?

നീ: ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട.

2010, ഏപ്രി 6

ഒരു മഴ ചിത്രം

മഴ പെയ്ത് തോര്‍ന്നു..
വരണ്ട മണ്ണിലേക്ക് ആശയായ്‌ അമൃതമായ്‌  ഇറങ്ങി വന്ന വേനല്‍ മഴ. ഇന്ന് തുടി കൊട്ടി പാടി ആടി തിമിര്‍ത്ത് പെയ്തു.
ഇപ്പോള്‍ ശമനതാളം. അങ്ങിങ്ങായ്‌  മുറിഞ്ഞു മുറിഞ്ഞു വിഴുന്ന അവസാന തുള്ളികളുടെ നാദം മാത്രം.
മനം കുളിര്‍ത്ത് കോരിത്തരിച്ച് നില്‍ക്കുന്ന കടുത്ത വേനലിലെ തണുത്ത ഒരു രാവ്.
മഴ മാറിയ മാനത്ത് നിന്ന്‍ നറും നിലാവ് അരിച്ചോഴുകി തുടങ്ങി.
മഴയില്‍ കുളിച്ചീറന്‍ മാറാതെ നിലാവില്‍ പൊതിഞ്ഞു നില്‍കുന്ന രാവ്.
ആയിരം ഉഷ്ണ കാലങ്ങളെ മറക്കാന്‍.. ഒരു രാത്രി മഴ!

2010, മാർ 18

ഉണര്‍ത്തുപാട്ട്



ചക്രവാളത്തിങ്കൽ പറന്നുയരുന്നു
വെളിച്ചചിറകുകൾ വീശി-
യരുണനേത്രനാം പക്ഷി.
നൽചിരി തൂകിയ പൂക്കളും -
പൊഴിഞ്ഞു വീഴുന്നു സത്വരം.
നിൻ പ്രഭയിൽ ഒളിമങ്ങിയലിയുന്നു,
മന്ദാരപ്പൂവിതളാം ചന്ദ്രനും
വിഭാതം വിടർത്തി പാടുന്ന
പക്ഷീ നീ സ്വയം കത്തിയെരി -
ഞ്ഞെന്നും ഞങ്ങളെ പോറ്റുന്നു.
ഊർജ്ജമണ്ഡലമായ് നീയീ
ജഗത്തിൻ ജീവശ്വാസമായ്
പ്രണവമായ് നിറയുന്നു.
നീയെരിഞ്ഞടങ്ങുന്നൊരീ രാവിൽ
നിൻ അലിവിൻ നിഴലിൽ
ഞങ്ങളും, നല്ലൊരു നാളേയ്ക്കായ്
കിനാവ് കണ്ടുറങ്ങീടട്ടെ.
നാളെ വീണ്ടും വരിക
വന്ന്‍ ഞങ്ങളെ തുയിലുണർത്തുക.