2011, ഫെബ്രു 9

അഹമേവ വിശ്വതനു!

ഹിമാചലങ്ങള്‍ തന്‍ ശൈത്യനിശ്വാസമായ് ,
ഗുഹാമുഖങ്ങളില്‍ ഉയിര്‍ കൊണ്ട തീര്‍ത്ഥം ,
വരരുദ്ര പ്രയാണമായി, ട്ടെന്നുള്ളിലേ -
ക്കാഞ്ഞു പതിക്കും നവ മുഹൂര്‍ത്തം!

മഹാപ്രവാഹം! എന്‍ സ്വത്ത്വബോധമാ  -
ബ്രഹ്മചിത്തത്തിലലിയിച്ചു  ചേര്‍ക്കാന്‍;
മന്വന്തരങ്ങള്‍  താണ്ടി, മുജ്ജന്മ ഗഗന-
വീഥികള്‍ കടന്നു വരും ഗംഭീര ശംഖനാദം!

എന്നിലാത്മസംപ്രീതനായ്  അഭൗമതേജസ്സായ്
ദേവന്‍ തൃക്കണ്ണാല്‍ ജ്വലിപ്പിച്ചുണര്‍ത്തും  മഹാദീപം ;
എന്നുള്ളിലെന്നെന്നുമണയാ,തെരിയുമ്പോള്‍ -
ഞാന്‍ ലോകൈകനാഥന്‍ തന്‍ വിശ്വതനു !

2011, ഫെബ്രു 4

പടുവൃക്ഷപ്പാട്ട്


ഞാനൊരു പടുവൃക്ഷം;
ഏറെ നാളായ് വീഴാനോരുങ്ങും വൃക്ഷം;
പാടാനെനിക്കൊരു കഥയുണ്ട്,
മടിയിലിരുത്തി ചോല്ലുവനൊരു മോഹമുണ്ട്,
ജീര്‍ണ്ണദേഹത്തിനതിനാവതില്ലെങ്കിലും-
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

പണ്ട് നിന്‍ പൂര്‍വ്വസൂരികള്‍,
പൂജിച്ചാരാധിച്ചവര്‍ ഞങ്ങള്‍;
"ഞാന്‍ മുടിഞ്ഞാല്‍ നീ നശിക്കും" -
എന്നവര്‍ പണ്ടേ എഴുതി വച്ചു വചനം -
നിന്‍ ജൈവതാളമാം പ്രമാണം,
അവ നീയെന്നെങ്കിലും കേട്ടതുണ്ടോ മകനെ?

ആരാധിച്ചവ,രാരാമാമാക്കി കൊണ്ടും,
പിന്നാലെ വന്നവര്‍ കണ്ണീരണിയിച്ചു കൊണ്ടും,
നിന്‍ കൂട്ടര്‍ കൊന്നു തിന്നു കൊണ്ടും,
തീര്‍ത്തൊരു കദനകഥയാണെന്നുള്ളില്‍!
വിങ്ങുമലിവോലുമീ ഗീതിക -
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

നിനക്കു തണലേകിടാം ഞാന്‍,
നിന്‍ വീണയാകാം മുരളിയാകാം, മണി-
ഹര്‍മ്മ്യങ്ങള്‍ക്കും ചാരുതയേകാം,
നിന്നെ താരാട്ട് ചൊല്ലിയുറക്കാം,
നിന്നാത്മാമോക്ഷത്തിന്നായ് നിന്നോടെരിയാം!
നീ എന്നു വരും എന്‍ മകനെ?

കാലം കാത്തു വയ്ക്കുന്നു ഞങ്ങളെ,
കാതങ്ങളകലെ നീ പോവതെന്തു മകനെ?
ഉദകക്രിയകള്‍ കൂടി ചെയ്യൂ, നിന്‍-
പ്രപിതാവിന്‍ ഗാഥ കൂടി എരിയട്ടെ!
മണ്ണിതില്‍ മുളക്കാതിരിക്കട്ടെ വീണ്ടും!
അതിനായ് നീ എന്നു വരും മകനെ?