2009, ഏപ്രി 16

സ്വപ്നം

മിഴികളടച്ചു ഞാനിന്നീരാവിലെന്‍ -

സങ്കല്‍പജാലകം തുറന്നിടട്ടെ,

വിദൂരസ്വപ്നങ്ങള്‍ നെയ്ത്‌ നെയ്തെന്‍ -

മനം വര്‍ണ്ണലോകങ്ങള്‍ തീര്‍ത്തിടട്ടെ,

അതിലൂടെ യാത്രയായെന്നാത്മാവും -

നിന്നരികത്തണഞ്ഞ്‌ തേങ്ങിടട്ടെ,

മൃദുലമാം കരങ്ങളാല്‍ നീയെന്നെ തഴുകുമ്പോള്‍ -

എന്‍ ഹൃദയവും പാടിടട്ടെ,

"പ്രണയം മനോഹരം"; അതിന്‍ ലോലമാം -

വിസ്ത്രതിയില്‍ ഞാനെന്നെ മറന്നിടട്ടെ.

2009, ഏപ്രി 1

നന്ദിതയ്ക്ക്‌.. സ്നേഹപൂര്‍വം!
വായിച്ചു മടക്കിയ പുസ്തകത്താളിലൊക്കെയും വേദന,
അസഹ്യമായ്‌, നീ എന്നെ കൈയൊഴിയുക!
നിന്നിലെ അസ്വാസ്ഥ്യങ്ങള്‍ എന്നില്‍ നീറി പടരാതിരിക്കട്ടെ
ഞാന്‍ നിന്നെ അറിയാതിരിക്കട്ടെ, നിന്നില്‍ അലിയാതെയും.

നിന്‍ പകലിരവുകളില്‍ ഞാന്‍ എന്നെ സങ്കല്‍പിച്ചു;
ഭയാനകം! ഞാന്‍ നീയായി മാറുമെന്നോ?
വേണ്ട! മൃതിയുടെ കരങ്ങളില്‍ എനിക്ക്‌ സ്വയമലിയേണ്ട!
നിന്നേയും നിന്‍ വാക്കുകളേയും കടന്ന് ഞാന്‍ പോയീടട്ടെ!
മാപ്പെനിക്കേകുക, ഞാന്‍ നീ തന്നെ എന്നറിയുന്നുവെങ്കിലും,
മാപ്പെനിക്കേകുക,എന്‍ സഖി ഞാന്‍ തിരിഞ്ഞു നട കൊള്ളട്ടെ;

ജീവിതത്തിന്‍ മരുപച്ചയിലേക്ക്‌ ഞാന്‍ നിന്നേയും കൂട്ടട്ടെ?
വരുന്നോ എന്റെ കൂടെ? നീ കാണാന്‍ മറന്ന -
മരതകക്കാഴ്ചകള്‍ ഞനിന്നേകാം...
തിരിച്ചു പോരുമോ നീ ഒരിക്കല്‍ കൂടി?
എന്‍ ജീവനും സ്വപ്നങ്ങളും കൂടി ഞാന്‍ നിനക്കേകാം...