2010, മേയ് 26

പ്രണയമായ്.. മഴ !

മഴ! എന്റെ മനതാരിലും മഴ-
യിന്നാകെ പെയ്തു തോര്‍ന്നീടുന്നു!
മഴ നനഞ്ഞീറനാം  തെന്നലായ് നീ-
യിന്നെന്നെ പ്രണയിനിയാക്കീടുന്നുവോ?

മഴ തന്‍ നേര്‍ത്ത രാഗത്തിനായെന്നും
കാതോര്ത്തിരുന്നവള്‍ ഞാനി,ന്നീ-
മഴയിലും കാത്തിരുന്നത് നിന്നുടെ
ശ്രുതിമധുരവേണുഗാനത്തിനായിട്ടോ? 

മഴ വന്നു ചേരുമാ പുഴയിലെ ഓളങ്ങള്‍
കണ്ടിരുന്നെന്നും ഞാന്‍, ഇന്നീ പുഴ-
യിലെ പോലെന്നാത്മാവിലും നിന്‍
രാഗം അലകള്‍ തീര്‍ക്കുന്നുവോ?

മഴ പെയ്ത്  തോരുമീ സായന്തനത്തിലി-
ന്നെന്നുള്ളിലൊന്നേ മോഹം-
'നിന്നാര്‍ദ്രമാം ആത്മാവിലും ഞാ-
നിന്ന്‍ മഴയായ് പെയ്തിരുന്നെങ്കില്‍!'

2010, മേയ് 25

പരമാനന്ദം

മരണം എന്ന സത്യത്തിലേക്ക് ഉറച്ച കാലടികളോടെ നടന്നു ചെല്ലണം. മരണം ഒരു സ്ഥാനാരോഹണം ആണ്. ഇഹത്തില്‍ നിന്ന്‍ പരത്തിലേക്ക്. നിതാന്തമായ നിര്‍വൃതിയിലേക്ക്. സ്വച്ഛമായ മനസ്സോടു കൂടി ആ മഹാമണ്ഡപം ഏറണം. എല്ലാ കെട്ടുപാടുകളും വിട്ടു മടക്കയാത്ര. എന്തെല്ലാമില്‍ നിന്ന് വന്നുവോ അതിലേക്കെല്ലാം. അനശ്വരമായ എല്ലാറ്റിനോടും വിലയം പ്രാപിച്ചു ശാശ്വതസത്യമായി തീരാന്‍.

അകലങ്ങള്‍


ഞാന്‍: നീയെന്താ കാണുന്നത്? 

നീ: നമുക്കിടയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമി.

ഞാ: സുതാര്യമായ ഈ മനസ്സിലൂടെ നോക്ക്. ഇപ്പോഴോ? മരുഭൂമിയുടെ അതിരുകള്‍ കവിഞ്ഞൊഴുകുന്ന അരുവികള്‍ ഒന്നുചേരുന്നത് കാണുന്നില്ലേ?

നീ: നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ?

ഞാ: അന്യതയുടെ കെട്ടുകള്‍ അഴിക്കൂ. എന്നിട്ട് ആ നന്മ നിറഞ്ഞ കണ്ണുകളിലൂടെ നോക്കൂ. ഇപ്പോഴോ? അന്ധതയുടെ മൂടുപടം നീങ്ങുമ്പോള്‍ നിറയുന്ന തെളിമ നീ കാണുന്നില്ലേ?

നീ: നമുക്കിടയിലെ ദൂരങ്ങള്‍...

ഞാ: ഒപ്പം ഒരിറ്റ് സ്നേഹവും കരുതലും കൂടി കരുതിക്കോളൂ. ഇപ്പോഴും നമുക്കിടയില്‍ ദൂരങ്ങള്‍ കാണുന്നോ?

നീ: ഇല്ല..

 ഞാ: പിന്നെ?

നീ: ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട.