2010, മാർ 18

ഉണര്‍ത്തുപാട്ട്ചക്രവാളത്തിങ്കൽ പറന്നുയരുന്നു
വെളിച്ചചിറകുകൾ വീശി-
യരുണനേത്രനാം പക്ഷി.
നൽചിരി തൂകിയ പൂക്കളും -
പൊഴിഞ്ഞു വീഴുന്നു സത്വരം.
നിൻ പ്രഭയിൽ ഒളിമങ്ങിയലിയുന്നു,
മന്ദാരപ്പൂവിതളാം ചന്ദ്രനും
വിഭാതം വിടർത്തി പാടുന്ന
പക്ഷീ നീ സ്വയം കത്തിയെരി -
ഞ്ഞെന്നും ഞങ്ങളെ പോറ്റുന്നു.
ഊർജ്ജമണ്ഡലമായ് നീയീ
ജഗത്തിൻ ജീവശ്വാസമായ്
പ്രണവമായ് നിറയുന്നു.
നീയെരിഞ്ഞടങ്ങുന്നൊരീ രാവിൽ
നിൻ അലിവിൻ നിഴലിൽ
ഞങ്ങളും, നല്ലൊരു നാളേയ്ക്കായ്
കിനാവ് കണ്ടുറങ്ങീടട്ടെ.
നാളെ വീണ്ടും വരിക
വന്ന്‍ ഞങ്ങളെ തുയിലുണർത്തുക.