2009, ഡിസം 9

സുകൃതക്ഷയം



         പടിയിറക്കം! എന്നോ എന്റെ ഓളങ്ങള്‍ വന്നലച്ചിരുന്ന ഈ കല്‍പടവുകള്‍ ഒരിക്കല്‍ കൂടി കാണട്ടെ. നന്ദി! മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളെ തഴുകാന്‍ എനിക്ക്‌ ആകുമെന്ന്‌ തോന്നുന്നില്ല.

        എന്നിലേക്ക്‌ മധുരക്കനികള്‍ പകര്‍ന്നു തന്ന വന്‍വൃക്ഷങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ താരാട്ട്‌ പാടാന്‍ എനിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല.; നിങ്ങള്‍ക്ക്‌ ജീവാമൃതം പകരാനും.

        എന്നില്‍ ജീവതാളമായിരുന്ന ആയിരമായിരം മത്സ്യങ്ങളെ നിങ്ങളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. ഇനിയൊരിക്കലും നിങ്ങളെ കാണാനും പായാരം ചൊല്ലാനും ഞാനുണ്ടായെന്ന്‌ വരില്ല.

        എന്റെ പുണ്യം ജീവന്‍ പകര്‍ന്ന മൃഗസഞ്ചയങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ ജീവന്റെയും ആത്മാവിന്റെയും ദാഹമകറ്റാന്‍ എനിക്‌ കഴിവില്ല.

        എന്നെ സ്നേഹിച്ച എന്റെ സാമീപ്യം കൊതിച്ച മനുഷ്യാത്മാക്കളെ മാപ്പ്‌. ഇനിയൊരിക്കലും നിങ്ങളുടെ പ്രണയത്തിനും പ്രയാണത്തിനും സാക്ഷിയായ്‌ ഞാനുണ്ടാകില്ല. മന്വന്തരങ്ങളില്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയ വിസ്മയങ്ങള്‍ കാണാനും എനിക്കിനി കഴിയില്ല.

        എന്നെ സ്നേഹിച്ച മണല്‍ത്തരികളെ, പുല്‍നാമ്പുകളെ, ഇലപടര്‍പ്പുകളെ, വടവൃക്ഷങ്ങളെ, ജീവജാലങ്ങളെ, സത്യദാഹികളും അല്ലാത്തവരുമായ മനുഷ്യരെ, എന്റെ മക്കളെ, നന്ദി! ഈ പ്രപഞ്ചം നിങ്ങള്‍ക്ക്‌... ഞാന്‍ ഒഴിയട്ടെ. യാത്ര തിരിക്കട്ടെ. മാപ്പ്‌! എന്റെ കണ്ണീരു തടയാന്‍ എനിക്കാകുന്നില്ല. നനവില്ലാത്ത എന്റെ കണ്ണീര്‍ . എന്റെ സുകൃതം എന്നോ ക്ഷയിച്ചു. ഇനി മൃതി.

നന്ദി!എന്നെ ഇത്രയധികം സ്നേഹിച്ചതിന്‌. മാപ്പ്‌! ഞാന്‍ എന്നെ തന്നെ മറന്ന്‌ നിങ്ങളെ സ്നേഹിച്ചതിന്‌.

ദേവന്‍റെ പൂവ്‌




സ്വപ്നം

ഞാന്‍:  എന്തേ നീയിന്ന്‌ ചോന്നുതുടുത്തതെന്‍ കുഞ്ഞുപനിനീര്‍പുവേ
           അഭിരാമ,മീയാരാമത്തില്‍ വിടരാന്‍ കഴിഞ്ഞതിനാലോ,
           തന്‍ പ്രേമനാഥനെ നീയെന്നും ധ്യാനിച്ചുനിന്നതിനാലോ,
           എന്തേ നീയിന്ന്‌ വ്രീളാവിവശയാകുവതെന്തേ?

പൂവ്‌:   മൊട്ടിട്ട നാള്‍ തൊട്ടേയാശിച്ചതാണാ മേഘവര്‍ണ്ണനെ കാണാന്‍,
           ആ ശ്രീപാദങ്ങളിലെന്നെങ്കിലും ചേര്‍ന്നടിയാന്‍, അല്ലായ്കി-
           ലാ പാദപത്മധൂളിയൊരിക്കലെങ്കിലും ശിരസ്സിലണിയാന്‍;
           ഇവയെന്‍ ജീവിതം പൂവിട്ടുണര്‍ത്തിയ സുന്ദരസ്വപ്‌നങ്ങള്‍!
***************************************************
സമാപ്തി

ഞാന്‍:  എന്നിട്ടുമെന്തെ നീയിന്ന്‌ മണ്ണോടു ചേര്‍ന്നതെന്‍ കുഞ്ഞുപൂവേ?
           ആ നീലവര്‍ണ്ണന്നു കരുണയില്ലേ, നിന്നെ കൈവിട്ടു കളഞ്ഞതെന്തേ?

പൂവ്‌:   നീയെന്തറിവൂ,യെന്‍ സഖി! ഭവാന്‍ എന്നെയെന്നോ ആ
           കൗസ്തുഭം വിടരും മാറില്‍ ചേര്‍ത്തു വച്ചതല്ലേ.
           മൃതം, ഈ ശരീരം മാത്രം; ഞാന്‍ മണ്ണായ്‌ തീരുകയില്ല,
           വൈകുണ്ഠപുരിയില്‍, പാല്‍ക്കടലില്‍, ആ മാനസത്തില്‍
           ഞാനെന്നെന്നും വിടര്‍ന്നു പരിലസിക്കുമല്ലോ!