2009, നവം 28

കളഞ്ഞുപോയ കണ്ണിന്റെ കഥ




കളഞ്ഞുപോയ കണ്ണിന്റെ കഥ വായിച്ചു. ('ആർക്കും വേണ്ടാത്ത കണ്ണ്‌' - ശിഹാബുദ്ദീൻ പൊയ്തുംകടവ്‌). 2009 ജനുവരി 4-ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കെ.ടി.ബി.കൽപത്തൂർ എഴുതിയ "ഫാന്റസി കഥകളിലെ സത്യദർശനങ്ങൾ" എന്ന നിരൂപണം മനസ്സിലെവിടെയോ തങ്ങി നിന്നിരുന്നു. അതു കൊണ്ടാണ്‌ "ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന പുസ്തകം മുന്നിൽ വന്നപ്പോൾ വായിക്കാനെടുത്തത്‌. കഥ വായിച്ചു കഴിഞ്ഞപ്പോൾ കണ്ണിനാകെ ഒരു നീറ്റൽ. എന്റെ കണ്ണും പേടിച്ചു പുകയുന്നു.

കഥാകാരന്റെ ഭ്രാന്തമായ രാപകലുകൾക്ക്‌ മുന്നിലൂടെ മാത്രമല്ല എന്റെ ചഞ്ചലമായ മനസ്സിനു മുന്നിലും അർത്ഥശൂന്യമായ നിരവധി റെയിൽപാളങ്ങൾ നിരന്നു. ഒരു തീവണ്ടിയും നിർത്താത്ത സ്റ്റേഷനിലെ സ്റ്റേഷന്മാസ്റ്ററെ പോലെ വായനക്കാരനും എല്ലാറ്റിനും ഒരു നിസ്സംഗ സാക്ഷിയാകുന്ന അവസ്ഥ!

കളഞ്ഞു പോയ കണ്ണിനെയോർത്ത്‌ സഹതപിക്കാമെന്നല്ലാതെ അതിനെ ഏറ്റെടുക്കാനും പരിപാലിക്കാനും പരിണിത ഫലങ്ങൾ: അനുഭവിക്കാനും ഞാൻ തയ്യാറല്ല. ഒരിക്കലും തന്നെ തേടി വരാത്ത ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ്‌, അതിന്റെ വേദന, നൈരാശ്യം, പിടച്ചിൽ, മരണം, ഇതൊന്നും കാണാൻ എന്റെ കണ്ണുകൾക്ക്‌ വയ്യ!

"ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന സമാഹരത്തിൽ ഇനിയുമേറെയുണ്ട്‌ പറയാനും ഓർക്കാനും. തത്ത്വമസി പോലെ "ഇരട്ടകോവണിയുള്ള കെട്ടിട"വും "അത്രയൊന്നും യുക്തിഭദ്രമല്ലാത്ത മറ്റൊരു കഥ"യും എല്ലാം അനുഭവവേദ്യമാക്കിയ വികാരവിചാരങ്ങൾക്ക്‌ ഒരായിരം നന്ദി. "ദുർഗ്രാഹ്യമായ ഏതോ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിച്ച്‌ മറ്റൊരു ദുർഗ്രാഹ്യമണ്ഡലത്തിലേക്ക്‌ നീളുന്ന പാളങ്ങൾ"ആകുന്നു ഇതിലെ ഓരോ കഥയും. നന്ദി ശിഹാബുദ്ദീൻ!


http://www.namukkidayil.blogspot.com/

അഭിപ്രായങ്ങളൊന്നുമില്ല: