2009, ജൂലൈ 10

എന്റെ കണ്ണുനീരിന്‌

Image Credit

സംസാരസാഗരതിരയിലെന്നോടൊത്ത്‌
പിറവിയെടുത്തോരെന്നാത്മസഖി
നിന്‍ നനവാര്‍ന്ന മിഴികളിലൂടെ ഞാന്‍
അന്നാദ്യമായിട്ടെന്നമ്മേക്കണ്ടു
അമ്മ ചുരത്തിയ പാലിനും മുന്‍പ്‌ ഞാന്‍
നീ തന്ന ലവണാമൃതം നുണഞ്ഞു
പിന്നെയെന്‍ ജീവിതയാത്രയിലുടനീളം
ശ്രുതിമീട്ടി നിന്നു നിന്‍ ശോകതന്തി.


പിച്ച നടന്നു ഞാനിടറി വീഴുമ്പോഴും
അച്ഛന്‍ ചാരെനിന്നകന്നു പോകുമ്പോഴും
കാതുകുത്തീട്ടെന്റെ ചോര ചീറ്റുമ്പോഴും
ചേറില്‍ കളിച്ചെന്നു പരാതി കേള്‍ക്കുമ്പോഴും
സാരമില്ലതൊക്കെയെന്നു ചൊല്ലിയെന്‍
ചാരെയിരുന്നോരെന്നാത്മസഖി.


ഉറ്റവരുടയവര്‍ വിട പറഞ്ഞപ്പോഴും
ഉറ്റചങ്ങാതിക്കൊരല്ലല്‍ വന്നപ്പോഴും
ഉച്ചക്കൊരു പിടി വറ്റിനായ്‌ തേങ്ങുമ്പോഴും
ഉള്ളില്‍ നെരിപ്പോടില്‍ ജ്വാലയുയര്‍ന്നപ്പോഴും
നന്മകളൊരായിരം കാത്തിരിക്കുന്നെന്നെ-
ന്നില്‍ ബോധമുണര്‍ത്തിയെന്നാത്മസഖി.

അഴലില്‍ ഞാനറിയുന്നു നിന്‍ സ്നേഹമെന്നെന്നും
എന്‍ നോവില്‍ മനമുരുകുമാ വാത്സല്യവും
ആരാരുമറിയാതെ ഹൃത്തില്‍ ഞാന്‍ കാത്താലും
നിന്‍ മുന്നിലലിയുന്നുവെന്‍ നൊമ്പരം
അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.

2009, ജൂലൈ 3

ഇനിയും...

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;

വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ
കാഴ്ച്ചകള്‍ ഒളിമങ്ങാതേ;

കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ
ശുദ്ധമാം സംഗീതത്തോടെ;

ശുദ്ധമാം സംഗീതമായ്‌ തീര്‍ന്നിടട്ടെ
എന്‍ മനം അതിമികവോടെ;

എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ
ഇനിയും വഴിയേറേ നടന്നീടാന്‍..