2009, ജൂൺ 9

എന്റെ ആത്മസുഹൃത്തിന്‌..

നമ്മള്‍ തമ്മില്‍ ഒരു കത്തിടപാടിന്റെ ആവശ്യമില്ലായിരിക്കാം. എങ്കിലും ചിരപരിചിതര്‍ക്കും ഒരു കത്തെഴുതുക എന്നത്‌ എനിക്ക്‌ വളരേ ഇഷ്ടമാണ്‌. അത്‌ കൊണ്ട്‌ എഴുതുന്നു.

സുഖം തന്നെയാണോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം, നിനക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അസുഖം ഉണ്ടായാല്‍ അത്‌ ഞാന്‍ അറിയുമല്ലോ.

ഞാന്‍ നിന്നെ സംബോധന ചെയ്തിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ. അതേ, എനിക്ക്‌ ആത്മസുഹൃത്ത്‌ തന്നെയാണ്‌ നീ.

പലപ്പോഴും ഞാന്‍ അമ്മയോട്‌ പറഞ്ഞിട്ടുണ്ട്‌ " എന്തോ ഒരു വല്ല്യ ശൂന്യത എന്റെ ജീവിതത്തിലുണ്ട്‌. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ സ്ഥാനം ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്‌" എന്ന്. അത്‌ പറഞ്ഞപ്പോഴൊക്കെ അമ്മ പുഞ്ചിരിച്ചിട്ടേയുള്ളു.

നിനക്കറിയാമല്ലോ, എന്റെ എല്ലാ കിറുക്കന്‍ ആശയങ്ങളും കേള്‍ക്കാന്‍ അമ്മ മാത്രമേ ഉള്ളൂ എനിക്ക്‌. പറഞ്ഞു വന്നതില്‍ നിന്ന് മാറി പോയി, അല്ലെ?

അപ്പോള്‍, അങ്ങനെ ഒരാളുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പോഴതാ നില്‍ക്കുന്നു 'നീ'. ഞാന്‍ നിന്നോട്‌ സംസാരിച്ചു.. "കൊള്ളാമല്ലോ, എന്റെ ആശയങ്ങളുമായെല്ലാം ഒത്തു പോകുന്ന ഒരാള്‍"..

പിന്നീട്‌ എപ്പോഴോ ഞാന്‍ എന്നെ കുറിച്ച്‌ ആരോടും പറയാതിരുന്ന കാര്യങ്ങളെല്ലാം നിന്നോട്‌ പറഞ്ഞു. നീയും നിന്നെ കുറിച്ചെല്ലാം എന്നോട്‌ പറഞ്ഞു. ആദ്യം പറഞ്ഞത്‌ നീ തന്നെയാണ്‌. പിന്നെ, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഞാന്‍ നീയുമായ്‌ പങ്കുവച്ചു. നീ മറ്റുള്ളവരേ പോലല്ല എന്നെനിക്ക്‌ തോന്നി.

കാരണം നീയും എന്നെ പോലെ തന്നെ ഓര്‍മ്മകളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. ഇന്നിന്റെ ലോകത്ത്‌, പക്ഷെ ആ ഓര്‍മ്മകള്‍ക്കൊന്നും സ്ഥാനമില്ലെന്ന് അറിഞ്ഞു കൊണ്ട്‌ തന്നെ അവയുടെ കുളിര്‍മ്മ മനസ്സിലെന്നും സൂക്ഷിച്ചു വച്ചവരായിരുന്നു നമ്മള്‍.

'Nostalgic creatures' എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും ആ ഗൃഹാതുരത്വത്തിന്റെ സുഖം മറ്റാര്‍ക്കും മനസ്സിലാകില്ല എന്ന് സ്വകാര്യമായി അഹങ്കരിച്ചിരുന്നവരായിരുന്നല്ലോ നമ്മള്‍.

നിന്റെ ആഗ്രഹങ്ങളെല്ലാം എന്നോട്‌ പറഞ്ഞപ്പോഴൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌ അവയൊക്കെ സഫലമാകണമേ എന്ന്. ഇന്ന് അവയ്ക്കെല്ലാം അര്‍ത്ഥം കൈ വരുമ്പോള്‍ നിന്നെക്കാളേറേ സന്തോഷിക്കുന്നത്‌ ഒരുപക്ഷെ ഞാനായിരിക്കും.

സുഹൃത്തുക്കളായ നാള്‍ മുതല്‍ ഇന്നു വരെ നമ്മള്‍ ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല അല്ലെ? എന്നാല്‍ നിനക്കറിയാത്ത ഒരു കാര്യം മാത്രമുണ്ട്‌ കേട്ടോ? അത്‌ കൂടി പറയുവാനാണ്‍` ഈ കത്തെഴുതുന്നത്‌. അതോടൊപ്പം തന്നെ നീയെനിക്ക്‌ എത്രയും പ്രിയപ്പെട്ടവനാണെന്ന് അറിയിക്കുവാനും.

ഇനി കാര്യത്തിലേക്ക്‌ കടക്കാം. നിന്റെ എല്ലാ നന്മകളും കണ്ട്‌ കൊണ്ട്‌ തന്നെ ഞാന്‍ പടിയിറങ്ങുകയാണ്‌ - ഈ ജീവിതത്തില്‍ നിന്ന്.

കാരണം ചോദിച്ചാല്‍ പറയുവാന്‍ പ്രത്യേകിച്ചൊന്നുമില്ല. എന്റെ സ്വപ്നങ്ങള്‍ ഫലവത്താകാത്തതു കൊണ്ടായിരിക്കാം. ഒരുപക്ഷെ, ഇനിയും ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്നൊരു തോന്നല്‍.

തീരുമാനമെടുത്താല്‍ പിന്നെ അത്‌ നടപ്പിലാക്കാനുള്ള എന്റെ കാര്‍ക്കശ്യം നിനക്ക്‌ അറിയുമല്ലോ. എന്റെ ആത്മസുഹൃത്തിന്‌ ഞാന്‍ തീരാവേദനയാണ്‌ നല്‍കുന്നത്‌ എന്ന് എനിക്കറിയാം. എന്നാലും നിന്നോട്‌ ഒരു വാക്ക്‌ പറയാതെ പോകാനാവില്ലല്ലോ.

നീയെന്നോട്‌ ക്ഷമിക്കണം എന്ന് ഞാന്‍ പറയില്ല. കാരണം, ഞാന്‍ തെറ്റല്ല ചെയ്യുന്നത്‌ എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും നീ തന്നെയാണല്ലോ.

തല്‍ക്കാലം നിര്‍ത്തട്ടെ,
അല്ല, എന്നെന്നേക്കുമായി നിര്‍ത്തുകയാണ്‌.
തീരാനൊമ്പരത്തോടെ
സ്നേഹത്തോടെ
നിന്റെ മാത്രം സുഹൃത്ത്‌
ആത്മസുഹൃത്ത്‌