2008, സെപ്റ്റം 17

രാഗാത്മകം


അഴകേ നീയിന്ന് തളര്‍ന്നു വീണീടുമ്പോള്‍ -

അഴലായ്‌ ഞാന്‍ നിന്ന് തേങ്ങീടുന്നു.

മധുമണം മാറി നിന്‍ ചൊടികളിലിന്നു ഞാന്‍ -

മരവിച്ച ചുംബനം നല്‍കീടട്ടെ?

മരണമാം നിന്‍ തോഴന്‍ വന്നിട്ടു പോകുമ്പോള്

‍വിട നല്‍കാന്‍ ചുംബനം നല്‍കീടട്ടെ?


മലര്‍മാരി പെയ്യുമീ വാടിയിലന്നു ഞാന്‍ -

നിന്‍ മധുകണം തേടി വന്നതല്ലേ!

അമൃതധാരയായ്‌ അന്നു നിന്‍ ജീവിതം -

എന്നുടെ പ്രാണനില്‍ ചേര്‍ന്നതല്ലേ.

നിന്നുടെ ജീവനും, ലയവും ശ്രുതിയുമായ്‌ -

എന്നുടെ പ്രാണനില്‍ ചേര്‍ന്നതല്ലേ.


മധുരമാം ഓര്‍മ്മയായ്‌ ഇന്നു നീ മാറുമ്പോള്‍ -

മരണത്തിന്‍ കയങ്ങളില്‍ ഇന്നു നീ പോകുമ്പോള്‍ -

നിന്നുടെ രാഗമാം അരുണശോഭയിലീ -

സന്ധ്യയും നേര്‍ത്തഗാനം മൂളീടുന്നു.

നിന്നുടെ ആത്മാവിന്‍ സ്നേഹരാഗങ്ങളാലീ -

ഉദ്യാനവും വര്‍ണ്ണാഭ തേടീടുന്നു.


***************************************************

കാലമേ നിന്‍ സ്നേഹവീഥിയില്‍ -

കാത്തിരുന്നു ഞാന്‍ ഇന്നു പാടീടട്ടെ?

മരിക്കാത്ത പ്രേമതിന്‍ ഗീതികള്‍ -

ഒരായിരമായിരം ഈണങ്ങളില്‍ പാടീടട്ടെ!

നിന്‍ അന്തര്‍വീചികളിലൂടെ എന്‍ നാദമെന്‍ -

പ്രിയയെ തേടി അലഞ്ഞീടട്ടെ!

2008, ഓഗ 7

രാഗധാര


ഇന്നീ മണ്ണിന്‍ പുതു ഗന്ധവുമായി

പ്രകൃതി രചിക്കുന്നീയൊരനശ്വര കൃതി


താന്‍സെന്‍ രാഗത്തിലലിഞ്ഞു ചേര്‍ന്നോ-

രീനാളില്‍ അവളുടെ ജുഗല്‍ബന്ദി


സപ്തസ്വരങ്ങളും ചേര്‍ത്തവള്‍ പാടുന്നു

അനുരാഗധാരയായി കുളിരായി കോരിചൊരിയുന്നു


ഊഷരമായൊരീ മണ്ണിന്‍ ദാഹമകറ്റുവാന്

‍വിണ്ണില്‍ നിന്ന് സ്വരരാഗധാരയുതിര്‍ന്നു


കവികള്‍ സഹൃദയരേറ്റു പാടി-

യാ നാദത്തിന്‍ അനന്തവീചികള്


‍പുഴയും കടലുമീ കരിയിലകളും താളമേകി

ബ്രഹ്മമാകവേ നിറയും ഓംകാരമായി


ഊര്‍ജ്ജമായി, ശ്വാസമായി, അസ്തിത്വമായി

കരഞ്ഞും പരഞ്ഞും; ചിരിച്ചും ചിലമ്പിച്ചും


വഴിപിരിഞ്ഞ തൊടികളെ ചേര്‍ത്തു വച്ചും

ഉന്മത്തയായി രതിയായി രഹസ്യമായി


കാതിലെന്തോ പറഞ്ഞ്‌ പെയ്തൊഴിഞ്ഞു

രാവിന്‍ മടിത്തട്ടിലവള്‍ വീണലിഞ്ഞു.